
ദോഹ: ലോക ഫുട്ബോളിന്റെ ഭൂപടത്തിൽ ഖത്തർ വെറുമൊരു ആതിഥേയ രാജ്യം മാത്രമല്ലെന്നും, ലോക ഫുട്ബോളിന്റെ ഭാവി തന്നെ നിർണ്ണയിക്കുന്ന സുപ്രധാന ശക്തിയാണെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. ഖത്തർ കായിക-യുവജന മന്ത്രാലയ മന്ത്രിയും ഫിഫ കൗൺസിൽ അംഗവുമായ ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അൽതാനിയുമായി ദോഹയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇൻഫാന്റിനോ ഖത്തറിനെ പ്രശംസ കൊണ്ട് മൂടിയത്.
"ലോക ഫുട്ബോളിന്റെ ഗതി മാറ്റുന്നതിൽ ഖത്തർ വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണ്," എന്ന് അദ്ദേഹം പറഞ്ഞു. 2022-ലെ ലോകകപ്പിന് ശേഷം ഖത്തർ കെട്ടിപ്പടുത്ത കായിക പൈതൃകം ഇന്നും ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്കിടയിൽ അലയടിക്കുന്നുണ്ടെന്നും, വരാനിരിക്കുന്ന ടൂർണമെന്റുകൾ യുവ പ്രതിഭകൾക്ക് ലോകവേദിയിലേക്കുള്ള വാതിലുകൾ തുറന്നിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2022-ലെ ഫിഫ ലോകകപ്പ് ഖത്തർ സൃഷ്ടിച്ച നിലവാരവും ആവേശവും ഇന്നും ആഗോളതലത്തിൽ പ്രതിഫലിക്കുന്നു.ഖത്തറിൽ വരാനിരിക്കുന്ന നാല് പ്രധാന ടൂർണമെന്റുകൾ യുവ പ്രതിഭകൾക്ക് വലിയ അവസരങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











