
കാക്കനാട് കിൻഫ്ര-ഇഎംസി പാർക്കിൽ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഇന്നൊവേഷൻ കാമ്പസ് സംസ്ഥാന വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു. ഷീല കൊച്ചൗസേപ്പ്, വി-ഗാർഡ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, വി-ഗാർഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി, വി-ഗാർഡ് ഫൗണ്ടേഷൻ ഡയറക്ടര്‍ ഡോ.റീനാ മിഥുൻ ചിറ്റിലപ്പിള്ളി, വി-ഗാർഡ് ഡയറക്ടറും സിഒഒയുമായ രാമചന്ദ്രൻ .വി എന്നിവർ സമീപം
കൊച്ചി : ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക്കൽ-ഇലക്ട്രോണിക്സ് ബ്രാൻഡായ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അത്യാധുനിക 'ഇന്നൊവേഷൻ കാമ്പസി'ന്റെ ഒന്നാം ഘട്ടം കാക്കനാട് കിൻഫ്ര-ഇഎംസി പാർക്കിൽ പ്രവർത്തനാമാരംഭിച്ചു. സംസ്ഥാന വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ഇന്നൊവേഷൻ കാമ്പസിന്റെ സോഫ്റ്റ് ലോഞ്ച് നിർവഹിച്ചു. തൃക്കാക്കര എം.എൽ.എ ഉമ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വി-ഗാർഡ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഭാര്യ ഷീല കൊച്ചൗസേപ്പ്, വി-ഗാർഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി, ഡയറക്ടറും സിഒഒയുമായ രാമചന്ദ്രൻ .വി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്റണി സെബാസ്റ്റ്യൻ, വി-ഗാർഡ് ഫൗണ്ടേഷൻ ഡയറക്ടര്‍ ഡോ.റീനാ മിഥുൻ ചിറ്റിലപ്പിള്ളി, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ് തുടങ്ങിയവർ പങ്കെടുത്തു.
ഗവേഷണത്തിനും നൂതന സാങ്കേതികവിദ്യകൾക്കും മുൻഗണന നൽകുന്ന വി-ഗാർഡിന്റെ ഈ പുതിയ ഇന്നൊവേഷൻ ക്യാംപസ് സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചയ്ക്ക് പുതിയ ദിശാബോധം നൽകും. ആധുനിക ലാബുകളും സുസ്ഥിര നിർമ്മാണ രീതികളും കോർത്തിണക്കിയ ഈ ക്യാംപസ് ഇലക്ട്രോണിക്സ് രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും ഇതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കാൻ സാധിക്കുമെന്നും ഉദ്ഘാടന വേളയിൽ മന്ത്രി പി. രാജീവ് പറഞ്ഞു. വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിനൊപ്പം അത്യാധുനിക സൗകര്യങ്ങളുള്ള ഇത്തരം സംരംഭങ്ങൾ കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങളെ ആകർഷിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1977-ൽ ഒരു ചെറിയ നിർമ്മാണ യൂണിറ്റായി തുടങ്ങി ഇന്ന് 49ആം വർഷത്തിലെത്തി നിൽക്കുമ്പോൾ 5,500 കോടി രൂപ വിറ്റുവരവുള്ള ദേശീയ ബ്രാൻഡായി വളർന്ന വി-ഗാർഡിന്റെ ചരിത്രത്തിലെ നിർണ്ണായക നാഴികക്കല്ലാണിത്. 120 കോടി രൂപയിലേറെ മുതൽമുടക്കിൽ മൂന്ന് ഏക്കറിലായി 1,10,338 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന കാമ്പസിന്റെ ഒന്നാം ഘട്ടത്തിൽ അത്യാധുനിക ഇലക്ട്രോണിക്സ് ആർ ആൻഡ് ഡി (R&D) ലാബുകൾ, ഐഒടി (IoT) ലാബ്, റിലയബിലിറ്റി ലാബ്, പ്രോഡക്ട് ഡിസൈൻ സ്റ്റുഡിയോ, ലേണിംഗ് സെന്റർ, കൺസ്യൂമർ ഇൻസൈറ്റ് റൂമുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ നൽകുക വഴി ഉപഭോക്താക്കളുടെ മനസ്സുകളിൽ വിശ്വാസയോഗ്യമായ ബ്രാൻഡായി വി-ഗാർഡ് വളർന്നുകഴിഞ്ഞു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വിപണിയിൽ നൂതനമായ രൂപകൽപ്പനയിലും സാങ്കേതിക വിദ്യയിലും ഊന്നൽ നൽകി കൂടുതൽ മികവോടെ ഉത്പന്നങ്ങൾ ജനങ്ങളിലേക്കെത്തിക്കുവാൻ ഇന്നൊവേഷൻ ക്യാംപസ് സഹായകമാകുമെന്നാണ് പ്രതീക്ഷയെന്ന് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൌൺസിലിന്റെ ഗോൾഡ് റേറ്റിംഗിനായുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് ഇന്നൊവേഷൻ ക്യാംപസ് നിർമ്മിച്ചിരിക്കുന്നത്. ജീവനക്കാരുടെ ആരോഗ്യവും ക്ഷേമവും വർദ്ധിപ്പിക്കുന്നതിനും പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനുമായ നടപടികളും കെട്ടിട നിർമ്മാണത്തിൽ സ്വീകരിച്ചിട്ടുണ്ട്. ഇന്നൊവേഷൻ ക്യാംപസിന് ചുറ്റും നൽകിയിരിക്കുന്ന ടെറാകോട്ട പാളികൾ കെട്ടിടത്തിന്റെ ഭംഗി കൂട്ടുന്നതിന് പുറമേ കെട്ടിടത്തിനകത്തേക്ക് പ്രവേശിക്കുന്ന വെളിച്ചവും ചൂടും നിയന്ത്രിക്കുന്നതിനും സഹായകരമാകും.
സുസ്ഥിര വികസനത്തിന് പ്രാധാന്യം നൽകി 60 kWp റൂഫ്‌ടോപ്പ് സോളാർ പ്ലാൻറ്, മഴവെള്ള സംഭരണം, ഇവി ചാർജിംഗ് പോയിന്റുകൾ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. റിസർച്ച് ആൻഡ് ഡെവലപ്മെന്റ്, ക്വാളിറ്റി ടെസ്റ്റിംഗ് എന്നിവയ്ക്കായുള്ള ലാബുകൾക്ക് പുറമേ കൊളാബറേറ്റീവ് വർക്ക് സ്പേസുകളും കസ്റ്റമർ എക്സ്പീരിയൻസ് സെന്ററും ഇവിടെ ഒരുക്കിയിരിയിട്ടുണ്ട്.
Photo Courtesy - Google







