
മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരനും ചിന്തകനുമായ സാനുമാഷിൻ്റെ മരണം ഏറെ വേദനാജനകമാണ്. ഏതെങ്കിലുമൊരു ചട്ടക്കൂടിൽ ഒതുക്കാൻ കഴിയുന്നതായിരുന്നില്ല അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ. സാനുമാഷ് എഴുത്തുകാരനും ചിന്തകനും മാത്രമായിരുന്നില്ല. അദ്ദേഹമൊരു മികച്ച അധ്യാപകനായിരുന്നു. സ്കൂൾ അധ്യാപകനായും പിന്നീട് കോളേജ് അധ്യാപകനായും ജോലി ചെയ്തു. മലയാളത്തിലെ മനോഹരമായ സാഹിത്യ വിമർശനങ്ങളും അദ്ദേഹം രചിച്ചു. വാഗ്മി എന്ന നിലയിലും ഏറെ പാണ്ഡിത്യമുള്ള സാനുമാഷ് അക്കാദമിക ജീവിതത്തിൽ നിന്ന് വിരമിച്ചതിന് ഏഷം പുരോഗമന കലാ സാഹിത്യ സംഘം പ്രസിഡൻ്റായി. 1987ൽ എറണാകുളം മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച് നിയമസഭയിലെത്തി.
സാനുമാഷുമായി പതിറ്റാണ്ടുകൾ നീണ്ട ബന്ധമാണ് എനിക്കുള്ളത്. വിദ്യാർത്ഥി സംഘടനാ ഭാരവാഹിയായി എറണാകുളത്ത് പ്രവർത്തിക്കുന്ന സമയം മുതലുള്ള ആ ബന്ധം ആഴത്തിൽ ഊട്ടിയുറപ്പിക്കപ്പെട്ടു. പാർലമെൻ്റ് അംഗമായും സിപിഐ എം ജില്ലാ സെക്രട്ടറിയായും ഇപ്പോൾ മന്ത്രിയായും പ്രവർത്തിക്കുന്ന സന്ദർഭങ്ങളിലെല്ലാം അദ്ദേഹത്തിൻ്റെ നിർദേശങ്ങളും ഉപദേശങ്ങളും ഒരു പുതിയ കാഴ്ചപ്പാട് രൂപീകരിക്കാൻ സഹായിച്ചിട്ടുണ്ട്. പരിചയപ്പെടുന്ന ആരോടും വലിപ്പച്ചെറുപ്പമില്ലാതെ സമഭാവനയോടെ പെരുമാറിയിരുന്ന മാഷ് എല്ലാവർക്കും അധ്യാപകനായിരുന്നു.
എക്കാലവും പുരോഗമന ആശയങ്ങൾ മുറുകെപ്പിടിച്ചുകൊണ്ടാണ് മാഷ് ജീവിച്ചത്. വാക്കിലും പ്രവൃത്തിയിലും അത് പ്രതിഫലിച്ചു. ലളിതമായ വാക്കുകളിൽ ആഴത്തിലുള്ള ആശയങ്ങൾ പ്രഭാഷണങ്ങളിൽ നിറഞ്ഞു. ഒരു കാലത്ത് ടിക്കറ്റെടുത്ത് ആളുകൾ മാഷുടെ പ്രഭാഷണങ്ങൾക്കായി കാത്തിരുന്നു. ഗുരുദേവ ദർശനങ്ങളിൽ മാഷിൻ്റെ പാണ്ഡിത്യം നിരവധി തലമുറകൾക്ക് വഴികാട്ടിയാണ്. നോവൽ പോലെ വായിക്കാവുന്ന ജീവചരിത്രങ്ങളിലൂടെ ശ്രീനാരായണ ഗുരുവും ഡോ. പൽപ്പുവും ചങ്ങമ്പുഴയും സി ജെ തോമസും മലയാളിയുടെ പുതിയ തലമുറക്കുപോലും പരിചിതരായി. സാനുമാഷിൻ്റെ വിപുലമായ സാഹിത്യ ജീവിതത്തിനിടെ സംസ്ഥാനസര്‍ക്കാരിൻ്റെ പരമോന്നതസാഹിത്യപുരസ്കാരമായ എഴുത്തച്ഛന് പുരസ്കാരമുൾപ്പെടെ അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു.
മാഷിൻ്റെ നവതി ആഘോഷത്തിൻ്റെ ഭാഗമായി ദേശാഭിമാനിക്ക് വേണ്ടി ദീർഘമായ ഒരു അഭിമുഖം നടത്തിയിരുന്നു. സമീപകാലത്ത് അന്തരിച്ച പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ജോൺ പോളും അന്ന് ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. വിദ്യാർത്ഥിയായിരുന്ന കാലം മുതൽ മാഷുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെങ്കിലും ഇത്രയും ദീർഘമായി വിവിധ വിഷയങ്ങളെ സംബന്ധിച്ച് മാഷോട് സംസാരിച്ചത് അന്നാണ്. ശാസ്ത്രം, സാഹിത്യം, രാഷട്രീയം എന്നിങ്ങനെയുള്ള മണ്ഡലങ്ങളിലൂടെയുള്ള യാത്ര മണിക്കൂറുകളോളം നീണ്ടുനിന്നു. പുസ്തകങ്ങളുടെ വിവരണം ഉള്ളടക്കത്തിൽ നിന്ന് ഗ്രന്ഥകർത്താവിന്റെ ജീവചരിത്രം വരെ നീണ്ടു. അസാധാരണമായ ഓർമ്മയായിരുന്നു മാഷിന്. എത്ര കേട്ടാലും മതി വരില്ല വർത്തമാനം. ഈ സിദ്ധി തന്നെയാണ് മാഷിന്റെ ക്ലാസ്സുമുറികളെ സജീവമാക്കിയതും. നിരവധി ഓർമ്മകൾ മനസിൽ കടന്നുവരികയാണ്. 2022ലെ പാർടി സംസ്ഥാന സമ്മേളനത്തിൻ്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തത് സാനു മാഷായിരുന്നു. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം ആദ്യം കാണാൻ പോയത് സാനു മാഷെയായിരുന്നു. ഒന്നിച്ച് സ്മരണ പുതുക്കിയ കൃഷ്ണയ്യർ സാമിയുടെ ജന്മദിനാഘോഷങ്ങൾ, മഹാരാജാസിലെ ഒത്തുചേരലുകൾ, പ്രതിഷേധമുഖങ്ങൾ.. ഗുരുവായ ഒരാളെ പ്രവർത്തന മണ്ഡലത്തിൽ നിന്ന് നഷ്ടപ്പെടുമ്പോഴുള്ള ശൂന്യതയും വേദനയുമാണ് ഞാനിപ്പോൾ അനുഭവിക്കുന്നത്. സാനുമാഷിന് ആദരാഞ്ജലി.
Photo Courtesy - Google











