
തിരുവനന്തപുരം-കൊല്ലം വ്യവസായ ശൃംഖലയെയും റെയിൽ, റോഡ് കണക്ടിവിറ്റിയെയും ആധാരമാക്കി സംസ്ഥാന സർക്കാർ പുതിയ വികസന കമ്പനി രൂപീകരിക്കുന്നു. ദുബായ്, സിംഗപ്പൂർ പോലുള്ള പോർട്ട് സിറ്റികളുടെ മാതൃകയിൽ വിഴിഞ്ഞം തുറമുഖം കേന്ദ്രമാക്കി അതിവേഗ വികസനമാണ് ലക്ഷ്യം.
കിഫ്ബിയുടെ നിയന്ത്രണത്തിൽ 'കിഫ്കോർ ലിമിറ്റഡ്' അല്ലെങ്കിൽ 'കിഫ്ഡാക് ലിമിറ്റഡ്' എന്ന പേരിൽ പുതിയ കമ്പനി ഉടൻ രജിസ്റ്റർ ചെയ്യും. കമ്പനി രൂപീകരണത്തിനുള്ള നടപടികൾക്ക് കിഫ്ബിയുടെ കൺസൾട്ടന്റ് കിഫ്കോൺ ചുമതല വഹിച്ചു. കൊല്ലം-ചെങ്കോട്ട ദേശീയപാത, റെയിൽവേ, പുതിയ ഗ്രീൻഫീൽഡ് പാത, വിഴിഞ്ഞം-കൊല്ലം ദേശീയപാത, പുനലൂർ-നെടുമങ്ങാട്-വിഴിഞ്ഞം റോഡ് എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശങ്ങൾ ഈ കമ്പനിയുടെ പ്രവർത്തന പരിധിയിൽ വരും. വിദേശ നിക്ഷേപകരടക്കം സംരംഭകർക്ക്, പദ്ധതികൾ അറിയിക്കേണ്ടതേ ഉള്ളു; ആവശ്യമായ സ്ഥലമെടുക്കാനും നിർമ്മാണം പൂർത്തിയാക്കാനും കമ്പനി നേരിട്ട് ചുമതലെടുക്കും. അനുമതികൾക്കായി സർക്കാർ ഓഫീസുകളിലെ കാത്തിരിപ്പുകൾ ഒഴിവാക്കും.
ഭൂമി നേരിട്ട് വില കൊടുത്ത് വാങ്ങും. എം.എസ്.എം.ഇ ക്ലസ്റ്ററുകൾ, ലോജിസ്റ്റിക്സ് പാർക്കുകൾ, സംസ്കരണ ഹബ്ബുകൾ, ഗോഡൗണുകൾ, വമ്പൻ സ്റ്റോറേജ്, ചരക്ക് ഗതാഗത സൗകര്യങ്ങൾ എന്നിവ ഒരുക്കും. ഐ.ടി, ടൂറിസം, കാർഷിക ഉൽപാദനം, ഇലക്ട്രോണിക് ഘടക നിർമ്മാണം, സ്റ്റാർട്ടപ്പ് സംരംഭങ്ങൾ തുടങ്ങി വിവിധ മേഖലകൾക്ക് പുതിയ സാധ്യതകൾ തുറക്കും.ആന്ധ്രാപ്രദേശ്, തെലങ്കാനയിലെ ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷനുകൾ മാതൃകയാക്കിയാണ് പദ്ധതി. 1000 കോടി രൂപ കിഫ്ബി നിക്ഷേപിക്കും; 3 ലക്ഷം കോടി രൂപയുടെ മൊത്തം നിക്ഷേപം പ്രതീക്ഷിക്കുന്നു. 20 കോടി രൂപ പ്രാരംഭ മൂലധനവും 10,000 നേരിട്ടുള്ള തൊഴിൽ അവസരവും ലക്ഷ്യമിടുന്നു. 1456 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയിൽ വ്യവസായ മേഖലകളും ടൗൺഷിപ്പുകളും ഉയരും.
ഭൂമി ലഭ്യതയാണ് പ്രധാന തടസം. പുതിയ കമ്പനി അതിനെ പരിഹരിക്കും, തുറമുഖ അനുബന്ധ വ്യവസായ വികസനം വൈകരുത്,” ധനമന്ത്രി പറഞ്ഞു.











