05:58pm 04 November 2026
NEWS
കാഴ്ചപരിമിതിയുള്ള വനിതകള്‍ക്കായുള്ള ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ദേശീയ ടി20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് കൊച്ചിയില്‍
09/01/2025  03:04 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കാഴ്ചപരിമിതിയുള്ള വനിതകള്‍ക്കായുള്ള ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ദേശീയ ടി20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് കൊച്ചിയില്‍
HIGHLIGHTS

ലോക ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗസിലിന്റെ (ഡബ്ള്യു.ബി.സി.സി) സെക്രട്ടറി ജനറല്‍ രജനീഷ് ഹെന്റി, സി.എ.ബി.കെ വൈസ് പ്രസിഡന്റ് എബ്രഹാം ജോര്‍ജ്, സി.എ.ബി.ഐ ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ധീരജ് സെക്യുയ്റ

എറണാകുളം: കാഴ്ചപരിമിതിയുള്ള വനിതകളുടെ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ദേശീയ ടി20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്  ജനുവരി 13 മുതല്‍ കൊച്ചിയില്‍ നടക്കും. ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യയും (സി.എ.ബി.ഐ) ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ കേരളയും(സി.എ.ബി.കെ)യും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് സമര്‍ത്തനം ട്രസ്റ്റ് ഫോര്‍ ഡിസേബിള്‍ഡിന്റെ സഹകരണത്തോടെയാണ് നടത്തുന്നത്. തൃപ്പൂണിത്തുറ പാലസ് ഓവല്‍ ഗ്രൗണ്ട്, ആലുവ യു. സി. കോളേജ് ഗ്രൗണ്ട്, കളമശ്ശേരി സെന്റ് പോള്‍സ് കോളേജ്, അങ്കമാലി ഫിസാറ്റ് കോളേജ്, ആലുവ ബ്ലൈൻഡ് സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

അഞ്ച് ഗ്രൂപ്പുകളിലായി 19 ടീമുകളാണ് പങ്കെടുക്കുന്നത്. ടൂര്‍ണ്ണമെന്റിലെ ലീഗ് മത്സരങ്ങളും ക്വാര്‍ട്ടര്‍ ഫൈനലും ജനുവരി 16ഓടെ പൂര്‍ത്തിയാകും. ജനുവരി 17നാണ് സെമിഫൈനല്‍ മത്സരങ്ങള്‍. ജനുവരി 18ന്, തൃപ്പൂണിത്തുറയിലെ പാലസ് ഓവലില്‍ വെച്ചാണ് ഫൈനല്‍. ആകെ 34 മത്സരങ്ങളാണ് ടൂര്‍ണ്ണമെന്റിലുള്ളത് . ഇതാദ്യമായാണ് 19 ടീമുകള്‍ ഈ പരമ്പരയില്‍ പങ്കെടുക്കാനെത്തുതെന്ന് ലോക ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗസിലിന്റെ (ഡബ്ള്യു.ബി.സി.സി) സെക്രട്ടറി ജനറല്‍ ശ്രീ. രജനീഷ് ഹെന്റി പറഞ്ഞു. ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ കേരളയുടെ പ്രസിഡന്റും ടൂര്‍ണമെന്റിന്റെ ചെയര്‍മാനും കൂടിയാണ് അദ്ദേഹം. ജനങ്ങള്‍ക്കിടയില്‍ ഈ ക്രിക്കറ്റ് ഇനത്തിന് കിട്ടിയ സ്വീകാര്യതയാണ് ഇത് സൂചിപ്പിക്കുതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്നും ഇന്ത്യയെ പ്രതിനിധീകരിച്ച ആദ്യ വനിതാ ക്രിക്കറ്റ് താരം മിന്നു മണിയാണ് ടൂര്‍ണ്ണമെന്റിന്റെ ബ്രാന്‍ഡ് അംബാസഡര്‍.

മുന്‍ ദേശീയ ടൂര്‍ണമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് 19 ടീമുകളെയും പ്രത്യേക ഗ്രൂപ്പുകളായി തിരിച്ചിട്ടുള്ളത്. ഇക്കൊല്ലം മൂന്ന് പുതിയ ടീമുകളാണ് രംഗത്തുള്ളത്. വിദര്‍ഭ, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവയാണത്.

ഗ്രൂപ്പ് എ: ഒഡിഷ, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, അസം
ഗ്രൂപ്പ് ബി: കര്‍ണാടക, രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന
ഗ്രൂപ്പ് സി: ആന്ധ്രാ പ്രദേശ്, ഡല്‍ഹി, മഹാരാഷ്ട്ര, തെലങ്കാന
ഗ്രൂപ്പ് ഡി: ജാര്‍ഖണ്ഡ്, ചണ്ഡീഗഡ്, ബീഹാര്‍, വിദര്‍ഭ
ഗ്രൂപ്പ് ഇ: കേരളം, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്

മുന്‍പ് നാല് തവണ നടന്ന പരമ്പരയില്‍ മൂന്നിലും ഒഡിഷയാണ് ജേതാക്കളായത്. 2022ല്‍ കര്‍ണാടകയാണ് കപ്പ് ഉയര്‍ത്തിയത്. നാല് തവണയും ഫൈനലില്‍ എത്തിയതും ഈ രണ്ട് ടീമുകളായിരുന്നു.

ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ജനുവരി 12ന് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഉന്നതവിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ശ്രീമതി. ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും. ഹൈബി ഈഡന്‍ എം. പി ,  ജില്ലാ കളക്ടര്‍ എന്‍. എസ്. കെ. ഉമേഷ് തുടങ്ങിയ ഒട്ടേറെ വിശിഷ്ട വ്യക്തികളും പങ്കെടുക്കും. വൈക്കം വിജയലക്ഷ്മി നയിക്കുന്ന സംഗീത പരിപാടി ഉത്ഘാടനത്തോടനുബന്ധിച്ച്  നടക്കും. സി.എ.ബി.കെ വൈസ് പ്രസിഡന്റ് എബ്രഹാം ജോര്‍ജ്, സി.എ.ബി.ഐ ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ധീരജ് സെക്യുയ്റ എന്നിവരും രജനീഷ് ഹെന്റിക്കൊപ്പം വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img