
സിന്ധൂനദീജല കരാർ ഒരു കാരണവശാലും പുനഃസ്ഥാപിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. സിന്ധൂനദീജല കരാർ അനുസരിച്ച് പാകിസ്താനിലേക്ക് ഒഴുകിയിരുന്ന വെള്ളം കനാൽ നിർമ്മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കരാറിലെ നിബന്ധനകൾ ലംഘിച്ചത് പാകിസ്ഥാനാണ്. ഇരുരാജ്യങ്ങളുടെയും സമാധാനത്തിനും പുരോഗതിക്കും വേണ്ടിയാണ് ഉടമ്പടിയെന്ന് ആമുഖത്തിൽ പറയുന്നുണ്ടെന്നും എന്നാൽ, ഒരിക്കൽ അത് ലംഘിക്കപ്പെട്ടാൽ അതിന് നിലനിൽപ്പില്ലെന്നും അമിത് ഷാ പറഞ്ഞു. പാകിസ്താൻ വെള്ളം കിട്ടാതെ വലയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര ഉടമ്പടികൾ ഏകപക്ഷീയമായി റദ്ദാക്കാൻ കഴിയില്ലെങ്കിലും അത് മരവിപ്പിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി. അത് ഞങ്ങൾ ചെയ്തിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിലൂടെ കശ്മീരിലെ സമാധാനം തകർക്കാനും വിനോദസഞ്ചാര മേഖലയുടെ വളർച്ച തടയാനും കശ്മീരി യുവാക്കളെ വഴിതെറ്റിക്കാനുമുള്ള മനഃപൂർവമായ ശ്രമമാണ് നടന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി. പാകിസ്താൻ എന്ത് ചെയ്യാൻ തയ്യാറായാലും ഒട്ടും വൈകാതെ അതിനെതിരേ ശക്തമായ നടപടിയെടുക്കാൻ ഇന്ത്യ മടിക്കില്ലെന്നും അമിത് ഷാ മുന്നറിയിപ്പ് നൽകി.
ഏപ്രിൽ 22-ന് പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെ ഏപ്രിൽ 23-നാണ് സിന്ധുനദീജല കരാർ മരവിപ്പിച്ചതടക്കമുള്ള നടപടികൾ ഇന്ത്യ സ്വീകരിച്ചത്. 1960-ൽ ലോകബാങ്കിന്റെ മധ്യസ്ഥതയിൽ നടപ്പിലാക്കിയ കരാറാണ് ഇന്ത്യ താത്കാലികമായി മരവിപ്പിച്ചത്. അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാകിസ്താൻ ഉപേക്ഷിക്കുന്നതുവരെ കരാർ മരവിപ്പിക്കാനായിരുന്നു ഇന്ത്യയുടെ തീരുമാനം. ഭീകരതയ്‌ക്കെതിരായ ശക്തമായ നയതന്ത്ര നടപടിയായിരുന്നു ഇന്ത്യയുടെ ഈ തീരുമാനം.











