11:21pm 02 May 2026
NEWS
മധുവിധു ആഘോഷിക്കവെ യുവതി ഭർത്താവിനെ കൊലപ്പെടുത്തിയത് കാമുകനുമൊത്ത് ജീവിക്കാൻ
09/06/2025  07:37 PM IST
nila
മധുവിധു ആഘോഷിക്കവെ യുവതി ഭർത്താവിനെ കൊലപ്പെടുത്തിയത് കാമുകനുമൊത്ത് ജീവിക്കാൻ

ഹണിമൂൺ യാത്രയ്ക്കിടെ യുവാവിനെ ഭാര്യ വാടകക്കൊലയാളികളെ ഉപയോ​ഗിച്ച് കൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കാൻ. കാമുകനും യുവതിയും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കിയത്. ഇൻഡോർ സ്വദേശി  രാജാ രഘുവംശി(29) കൊല്ലപ്പെട്ട സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ ഉൾപ്പെടെ അഞ്ചുപേരാണ് അറസ്റ്റിലായത്. 

ഇരുപത്തഞ്ചുകാരിയായ സോനയാണ് തന്റെ ഭർത്താവ് രാജാ രഘുവംശിയെ വാടകക്കൊലയാളികളെ ഉപയോ​ഗിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ കുറേക്കാലമായി രാജ് കുശ് വാഹ എന്ന യുവാവുമായി സോനം പ്രണയത്തിലായിരുന്നു. സഹോദരന്റെ ടൈൽസ് ഡിസ്ട്രിബ്യൂഷൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇരുപതുകാരനായ രാജ്. എന്നാൽ, യുവതിയുടെ വീട്ടുകാർ ഈ ബന്ധത്തിന് തയ്യാറായില്ല. പകരം ബിസിനസുകാരനായ രാജാ രഘുവംശിയുമായി സോനത്തിന്റെ വിവാഹം നടത്തുകയായിരുന്നു. എന്നാൽ, വിവഹാ ശേഷവും തന്റെ പ്രണയം ഉപേക്ഷിക്കാൻ യുവതി തയ്യാറായില്ല. ഭർത്താവിനെ കൊലപ്പെടുത്തി കാമുകനൊപ്പം പോകാനാണ് യുവതി തീരുമാനിച്ചത്. മൂന്ന് വാടകക്കൊലയാളികളെയാണ് ഇതിനായി യുവതിയും കാമുകനും ചേർന്ന് ഏർപ്പാട് ചെയ്തത്. 

മേയ് പതിനൊന്നാം തീയതിയായിരുന്നു രാജയും സോനവും തമ്മിലുള്ള വിവാഹം. ഏഴുദിവസം കഴിഞ്ഞ് മേയ് 18-ന് രാജയെ കൊലപ്പെടുത്താനുള്ള പദ്ധതി സോനവും കാമുകനും ചേർന്ന് ആസൂത്രണം ചെയ്തു. ഇതിന്റെ ഭാഗമായി വിശാൽ ചൗഹാൻ, അനന്ത് കുമാർ, ആകാശ് രാജ്പുത് എന്നീ വാടകക്കൊലയാളികളെ രാജ് ഏർപ്പാടാക്കി. മേയ് ഇരുപതാം തീയതിയാണ് രാജയും സോനവും ഹണിമൂണിനായി മേഘാലയയിലേക്ക് പുറപ്പെട്ടത്. അവിടെ തങ്ങളുള്ള സ്ഥലത്തേക്കുറിച്ചുള്ള വിവരങ്ങൾ കൊലയാളികൾക്ക് നൽകിയത് സോനമായിരുന്നു.

മേയ് 23-നാണ് സോഹ്‌രയിൽനിന്ന് ദമ്പതിമാരെ കാണാനില്ലെന്ന വാർത്ത പുറത്തെത്തിയത്. ഒരാഴ്ചയ്ക്കപ്പുറം ജൂൺ രണ്ടാംതീയതി രാജാ രഘുവംശിയുടെ മൃതദേഹം മേഘാലയയിലെ വെയ്‌സാവഡോങ് വെള്ളച്ചാട്ടത്തിന് സമീപത്തെ കൊക്കയിൽനിന്ന് കണ്ടെത്തി. സോനത്തിനെ കാണാതാവുകയും ചെയ്തിരുന്നു. ഇതോടെ സംഭവം വലിയ മാധ്യമശ്രദ്ധ നേടുകയും പഴുതടച്ചുള്ള അന്വേഷണം പോലീസ് ആരംഭിക്കുകയും ചെയ്തു.

തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് ഉത്തർ പ്രദേശിലെ ഘാസിപുരിലെ നന്ദ്ഗഞ്ജിൽനിന്ന് സോനത്തെ കണ്ടെത്തിയത്. കരഞ്ഞുകൊണ്ട് സോനം തന്റെ അടുത്തുവരികയും കുടുംബവുമായി ബന്ധപ്പെടാൻ മൊബൈൽ ഫോൺ ആവശ്യപ്പെടുകയും ചെയ്തുവെന്ന് പ്രദേശത്തെ ഭക്ഷണശാല ഉടമ സാഹിൽ യാദവ് പറഞ്ഞു. മൊബൈൽ ഫോൺ കൊടുത്തതിന് പിന്നാലെ സോനം വിളിക്കുകയും പോലീസ് വരുന്നതുവരെ അവിടെത്തന്നെ ഇരിക്കുകയും ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോനം സ്വമേധയാ കീഴടങ്ങിയതിന് പിന്നാലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് യുവതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റ് പ്രതികളായ രാജ് കുഷ്‌വാഹയെയും വിശാലിനെയും ഇൻഡോറിൽനിന്നും ആകാശിനെ ലളിത്പുരിൽനിന്നും ആനന്ദിനെ ബിനയിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img