05:16pm 13 November 2026
NEWS
വിദ്യാഭ്യാസ യോഗ്യതയിൽ വിവാദം; ഇന്തോനേഷ്യൻ വൈസ് പ്രസിഡന്റ് ജിബ്രാൻ രാജിവച്ചു
13/11/2026  04:08 PM IST
nila
വിദ്യാഭ്യാസ യോഗ്യതയിൽ വിവാദം; ഇന്തോനേഷ്യൻ വൈസ് പ്രസിഡന്റ് ജിബ്രാൻ രാജിവച്ചു

 

ജക്കാർത്ത: വിദ്യാഭ്യാസ യോഗ്യതയെച്ചൊല്ലിയുള്ള വിവാദവും ഭരണകക്ഷി സഖ്യത്തിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും ശക്തമാകുന്നതിനിടെ ഇന്തോനേഷ്യൻ വൈസ് പ്രസിഡന്റ് ജിബ്രാൻ റകബുമിംഗ് റാക്ക രാജിവച്ചു. പ്രസിഡന്റ് പ്രബോവോ സുബിയാന്ത്രോയ്ക്ക് ജിബ്രാൻ രാജിക്കത്ത് കൈമാറിയതായി അദ്ദേഹത്തിന്റെ സഹായി ബുഡി ആരി അറിയിച്ചു.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ജിബ്രാന് ഉണ്ടെന്നതിന് മതിയായ തെളിവുകളില്ലെന്ന് ഇന്തോനേഷ്യൻ സുപ്രീംകോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജിയെന്നാണ് റിപ്പോർട്ട്. നിയമപ്രകാരം സീനിയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയിരിക്കണം അല്ലെങ്കിൽ അതിന് തുല്യമായ വിദേശ വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം. എന്നാൽ ഈ നിബന്ധന ജിബ്രാൻ പാലിച്ചതായി തെളിയിക്കുന്ന രേഖകളില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ.

സിംഗപ്പൂരിലും ഓസ്ട്രേലിയയിലും പഠിച്ച ജിബ്രാൻ തന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അംഗീകാരം ലഭിക്കുന്നതിനായി ഇന്തോനേഷ്യയിൽ നിന്നുള്ള തുല്യതാ സർട്ടിഫിക്കറ്റാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ സീനിയർ സെക്കൻഡറി വിദ്യാഭ്യാസത്തിന് തുല്യമായി പരിഗണിക്കാവുന്ന വിദേശ ഡിപ്ലോമയോ സർട്ടിഫിക്കറ്റോ അദ്ദേഹത്തിനുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സർവകലാശാലാ വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടുള്ളത് സെക്കൻഡറി വിദ്യാഭ്യാസം നേടിയതിന്റെ തെളിവാണെന്നായിരുന്നു ജിബ്രാന്റെ നേരത്തെയുള്ള വാദം.

കോടതിവിധിക്ക് പിന്നാലെ ജിബ്രാനെതിരെ ഇംപീച്ച്മെന്റ് നടപടികൾ ആരംഭിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. നൂറിലധികം നിയമസഭാംഗങ്ങൾ ഇതുമായി ബന്ധപ്പെട്ട പാർലമെന്ററി നീക്കത്തിന് പിന്തുണ അറിയിച്ചതായാണ് റിപ്പോർട്ട്. അതേസമയം, കോടതി വിധി പുനഃപരിശോധിക്കാനും തന്റെ വിദ്യാഭ്യാസ യോഗ്യതയുടെ സാധുത തെളിയിക്കാനും അവസരം നൽകണമെന്ന് ജിബ്രാൻ ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നു.

2024-ലാണ് ജിബ്രാൻ ഇന്തോനേഷ്യയുടെ വൈസ് പ്രസിഡന്റായി അധികാരത്തിലെത്തിയത്. പിതാവും മുൻ പ്രസിഡന്റുമായ ജോക്കോ വിഡോഡോയും നിലവിലെ പ്രസിഡന്റ് പ്രബോവോയും തമ്മിലുണ്ടാക്കിയ രാഷ്ട്രീയ ധാരണയാണ് ജിബ്രാന്റെ സ്ഥാനലബ്ധിക്ക് വഴിയൊരുക്കിയത്. അന്ന് 36 വയസ്സായിരുന്ന ജിബ്രാന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാർഥികൾക്ക് നിശ്ചയിച്ചിരുന്ന 40 വയസെന്ന കുറഞ്ഞ പ്രായപരിധിയിൽ ഇളവ് ലഭിച്ചതും വലിയ വിവാദമായിരുന്നു. ഭരണഘടനാ കോടതിയുടെ പ്രത്യേക വിധിയിലൂടെയാണ് അദ്ദേഹത്തിന് മത്സരിക്കാൻ അവസരം ലഭിച്ചത്.

പ്രബോവോയും മുൻ പ്രസിഡന്റ് ജോക്കോ വിഡോഡോയും തമ്മിലുള്ള രാഷ്ട്രീയ ബന്ധത്തിൽ വിള്ളലുകൾ പ്രകടമാകുന്നതിനിടെയാണ് ജിബ്രാന്റെ രാജിവാർത്ത പുറത്തുവന്നിരിക്കുന്നത്. ഇന്തോനേഷ്യൻ രാഷ്ട്രീയത്തിൽ പുതിയ പ്രതിസന്ധിക്ക് ഇത് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img