02:59pm 12 November 2026
NEWS
ഇന്തോ റഷ്യൻ സ്പാർക് പദ്ധതി കുസാറ്റിൽ ആരംഭിച്ചു
07/01/2026  05:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇന്തോ റഷ്യൻ സ്പാർക് പദ്ധതി കുസാറ്റിൽ ആരംഭിച്ചു
HIGHLIGHTS

Dr. Usha K Aravind

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻവയോൺമെന്റൽ സ്റ്റഡീസിൽ ജലശുദ്ധീകരണത്തിലും ശുദ്ധജല നിർമ്മാണ സംവിധാനങ്ങളിലും ഉപയോഗിക്കുന്ന എൻഡ്-ഓഫ്-ലൈഫ് മെംബ്രേയ്‌നുകളുടെ സുസ്ഥിര ക്രമീകരണം ലക്ഷ്യമിട്ട് ഇൻഡോ–റഷ്യൻ സ്പാർക് (SPARC) ഗവേഷണ പദ്ധതി ആരംഭിച്ചു. ഡോ. ഉഷ കെ. അരവിന്ദാണ് പദ്ധതിയുടെ നേതൃത്വം വഹിക്കുന്നത്.

മെംബ്രേയ്‌നുകളുടെ മാലിന്യവുമായി ബന്ധപ്പെട്ട പ്രധാന വെല്ലുവിളികൾക്ക് പ്രായോഗിക പരിഹാരങ്ങൾ വികസിപ്പിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മെംബ്രേയ്‌ൻ റിസൈക്ലിംഗ്, പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കൽ, മെംബ്രേയ്‌ൻ മൊഡ്യൂളുകളുടെ ആയുസ്സ് നീട്ടൽ എന്നിവയിലൂടെ സർക്കുലർ ഇക്കണോമി ആശയങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതി. ഇതോടൊപ്പം, മെംബ്രേയ്‌ൻ നവീകരണം, മാലിന്യ മൂല്യവർധനം, വിഭവ പുനഃ രുപയോഗം എന്നിവയിലൂടെ ജലശുദ്ധീകരണ സാങ്കേതികവിദ്യകൾ കൊണ്ടുണ്ടാകുന്ന പരിസ്ഥിതി ആഘാതം കുറയ്ക്കാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

സെയ്ന്റ് പീറ്റേഴ്‌സ്ബർഗ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ അനലിറ്റിക്കൽ കെമിസ്ട്രി വിഭാഗം, പ്രമുഖ മെംബ്രേയ്‌ൻ ഗവേഷണ ലബോറട്ടറികൾ, മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഇന്റർ യൂണിവേഴ്‌സിറ്റി ഇൻസ്ട്രുമെന്റേഷൻ സെന്റർ (IUIC) എന്നിവയാണ് പദ്ധതിയിലെ പ്രധാന പങ്കാളികൾ. മെംബ്രേയ്‌ൻ സാങ്കേതികവിദ്യയും വിശകലന രീതികളും സംബന്ധിച്ച വൈദഗ്ധ്യം ഏകീകരിച്ച് ബയോഫൗളിംഗ് നിയന്ത്രണം, പോളിമർ ഡിഗ്രഡേഷൻ പഠനം, ക്ലോസ്‌ഡ്-ലൂപ്പ് റിസൈക്ലിംഗ് പ്രക്രിയകൾ എന്നിവയിൽ ഗവേഷണം നടത്തും. പരീക്ഷണ പഠനങ്ങൾക്ക് ലൈഫ്-സൈക്കിൾ അസസ്മെന്റുകളുടെ പിന്തുണയോടെ യാഥാർഥ്യ സാഹചര്യങ്ങളിൽ പ്രയോഗിക്കാവുന്ന പരിഹാരമാർഗ്ഗങ്ങൾ വികസിപ്പിക്കും.

SPARC പദ്ധതിയുടെ എല്ലാ ഘട്ടങ്ങളിലും ഇന്ത്യൻ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായി പ്രവർത്തിച്ചിട്ടുള്ള ഡോ. ഉഷ കെ. അരവിന്ദിന്റെ അനുഭവസമ്പത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പദ്ധതി. മെംബ്രേയ്‌നുകൾ, വായു മലിനീകരണം, ജല മലിനീകരണം തുടങ്ങിയ മേഖലകളിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ധനസഹായത്തോടെ നടപ്പാക്കിയ നിരവധി പദ്ധതികളും അവരുടെ നേതൃത്വത്തിൽ നടപ്പാക്കിയിട്ടുണ്ട്. ദക്ഷിണ കൊറിയയിലെ പോഹാങ് യൂണിവേഴ്‌സിറ്റി, ഇസ്രായേലിലെ ബെൻ-ഗുരിയൻ യൂണിവേഴ്‌സിറ്റി, റഷ്യയിലെ സെയ്ന്റ് പീറ്റേഴ്‌സ്ബർഗ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി എന്നിവയുമായുള്ള മുൻ സഹകരണങ്ങളും ശ്രദ്ധേയമാണ്.

ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പിന്തുണയോടെ നടപ്പാക്കുന്ന SPARC പദ്ധതി, വിദ്യാർത്ഥി-ഫാക്കൽറ്റി കൈമാറ്റങ്ങളിലൂടെ ഇന്ത്യൻ, അന്തർദേശീയ സ്ഥാപനങ്ങൾ തമ്മിലുള്ള ഗവേഷണ സഹകരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്. ഡോ. ഉഷയുടെ നേതൃത്വത്തിലുള്ള മുൻ SPARC പദ്ധതിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾ ലോകത്തിലെ പ്രമുഖ ലബോറട്ടറികളിലും ഗവേഷണ സ്ഥാപനങ്ങളിലുമുള്ള നിയമനങ്ങൾ നേടിയിട്ടുണ്ടെന്നത് പദ്ധതിയുടെ വിജയത്തെ തെളിയിക്കുന്നു.

പുതുതായി ആരംഭിച്ച ഈ പദ്ധതി സുസ്ഥിര ജലശുദ്ധീകരണ രീതികൾക്ക് സംഭാവന നൽകുകയും പരിസ്ഥിതി ശാസ്ത്ര-സാങ്കേതിക മേഖലയിൽ അന്തർദേശീയ ഗവേഷണ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img