11:59pm 12 November 2026
NEWS
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര; ‘പ്രിയദർശിനി’ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
15/06/2026  09:49 AM IST
nila
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര; ‘പ്രിയദർശിനി’ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. യുഡിഎഫ് സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ പദ്ധതി മുഖ്യമന്ത്രി വി.ഡി. സതീശൻ തമ്പാനൂരിൽ ഉദ്ഘാടനം ചെയ്തു. ഗതാഗതമന്ത്രി സി.പി. ജോൺ അധ്യക്ഷത വഹിച്ചു.

ഉദ്ഘാടനച്ചടങ്ങിന് പിന്നാലെ മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽനിന്ന് സെക്രട്ടേറിയറ്റിലേക്കുള്ള യാത്രയിൽ പങ്കെടുത്തു. സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതല ഉദ്ഘാടനങ്ങളും നടന്നു.

സർക്കാർ അധികാരത്തിലെത്തി ഒരു മാസം പൂർത്തിയാകുന്നതിന് മുൻപേ തന്നെ ഇന്ദിരാ ഗാരന്റികളിൽ പ്രധാനപ്പെട്ട ഒരു വാഗ്ദാനം നടപ്പാക്കിയതിൽ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്കുള്ള സൗജന്യ യാത്ര ഒരു ഔദാര്യമല്ലെന്നും, സാമൂഹികവും സാമ്പത്തികവുമായ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന പദ്ധതിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യഘട്ടത്തിൽ 3,125 ഓർഡിനറി വിഭാഗം ബസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്, പോയിന്റ് ടു പോയിന്റ്, ടൗൺ ടു ടൗൺ (ടിടി) ഓർഡിനറി തുടങ്ങിയ സർവീസുകളിലാകും സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കുക.

പദ്ധതിയെ ‘ചരിത്രത്തിലേക്കുള്ള യാത്ര’ എന്നാണ് ചീഫ് സെക്രട്ടറി എ. ജയതിലക് വിശേഷിപ്പിച്ചത്. സൗജന്യ യാത്ര ഓർഡിനറി ബസുകളിലേക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും, അതിന്റെ സാമൂഹിക പ്രാധാന്യം ഒട്ടും സാധാരണമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img