09:54am 13 November 2026
NEWS
നഗരത്തിൽ ഇനി 50 രൂപയ്ക്ക് ഒരു ദിവസത്തെ ഭക്ഷണം ഇന്ദിര കാൻ്റീന് തുടക്കമായി
14/03/2026  07:27 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നഗരത്തിൽ ഇനി 50 രൂപയ്ക്ക് ഒരു ദിവസത്തെ ഭക്ഷണം ഇന്ദിര കാൻ്റീന് തുടക്കമായി
HIGHLIGHTS

സംസ്ഥാനത്തിനാകെ മാതൃകയെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: സാധാരണക്കാർക്ക് 50 രൂപയ്ക്ക് ഒരു ദിവസത്തെ ഭക്ഷണം നൽകുന്ന കൊച്ചി നഗരസഭയുടെ ഇന്ദിര കാൻ്റീന് തുടക്കമായി. പുതിയ ഭരണസമിതി അധികാരമേറ്റെടുത്ത ശേഷം മേയർ പ്രഖ്യാപിച്ച 50 ദിന കർമപരിപാടിയിലെ സ്വപ്ന പദ്ധതിയായിരുന്നു ഇന്ദിര കാൻ്റീൻ. നഗരസഭയുടെ ഇടപ്പള്ളി സോണൽ ഓഫിസിൽ ആരംഭിച്ച ആദ്യ ഇന്ദിര കാൻ്റീൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിനാകെ മാതൃകയാക്കാവുന്ന പദ്ധതിയാണിതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മാലിന്യക്കൂമ്പാരമായി കാട് പിടിച്ച് കിടന്ന സ്ഥലം 20 ദിവസം കൊണ്ട് വൃത്തിയാക്കി മനോഹരമായ കാൻ്റീനാക്കി മാറ്റിയ നഗരസഭയെ അഭിനന്ദിക്കുന്നതായും ഇത് തനിക്ക് പ്രചോദനമായെന്നും അദ്ദേഹം പറഞ്ഞു. ഈ സ്പീഡാണ് ഭരണത്തിൽ വേണ്ടതെന്നും സതീശൻ പറഞ്ഞു. 50 ദിന കർമപരിപാടി പ്രഖ്യാപിച്ചപ്പോൾ ഇത്ര വേഗം അവയെല്ലാം  നടപ്പാക്കുമെന്ന് കരുതിയില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു. 
രാവിലെ 8 മുതൽ രാത്രി 8 വരെയാണ് കാൻ്റീൻ പ്രവർത്തനം. തിങ്കളാഴ്ച മുതലേ കാൻ്റീൻ പൂർണതോതിൽ പ്രവർത്തനമാരംഭിക്കൂ.
പശ്ചിമ കൊച്ചിയിൽ ഉടൻ ഇന്ദിര കാൻ്റീൻ തുറക്കും. പ്രഭാത, രാത്രി ഭക്ഷണങ്ങൾക്ക് 10 രൂപ വീതവും ഉച്ചഭക്ഷണത്തിന് 30 രൂപയുമാണ് ഈടാക്കുന്നത്. ഐ ഡി ബി ഐ ബാങ്കിൻ്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ചാണ് ഇടപള്ളിയിലെ ഇന്ദിര കാൻ്റീൻ യാഥാർഥ്യമാക്കിയത്.  50 രൂപയുണ്ടെങ്കിൽ ഒരാൾക്ക് പട്ടിണിയില്ലാതെ ഒരു ദിവസം വയറ് നിറയെ ഭക്ഷണം കഴിക്കാമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മേയർ വി.കെ മിനിമോൾ പറഞ്ഞു. നഗരസഭയുടെ അഭിമാന പദ്ധതിയായ സമൃദ്ധി ആണ് ഇന്ദിരാ കാൻ്റീനുകൾക്ക് ചുക്കാൻ പിടിക്കുന്നത്. സമൃദ്ധിയെ ആഗോള ബ്രാൻഡാക്കി മാറ്റുമെന്നും മേയർ പറഞ്ഞു. ഡെപ്യൂട്ടി മേയർ ദീപക് ജോയ് സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആൻ്റണി പൈനുതറ പദ്ധതി വിശദീകരണം നടത്തി. എം പി ഹൈബി ഈഡൻ, എം എൽ എ മാരായ കെ ബാബു, ഉമാ തോമസ്, ഡി.സി.സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, കളമശ്ശേരി നഗരസഭ ചെയർമാൻ ജമാൽ മണക്കാടൻ, മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ, സ്ഥിരം സമിതി അധ്യക്ഷരായ ഷാകൃത സുരേഷ് ബാബു, ടി കെ അഷ്റഫ്, സീന ഗോകുലൻ, അഡ്വ.പി എം നസീമ, കെ എ മനാഫ്, ജിസ്മി ജെറാൾഡ്, ഐ ഡി ബി ഐ ബാങ്ക് ജനറൽ മാനേജർ ഷിജു വർഗീസ് എന്നിവർ പ്രസംഗിച്ചു. നഗരസഭാ സെക്രട്ടറി പി എസ് ഷിബു നന്ദി പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img