
ന്യൂഡൽഹി: ലക്നൗവിലേക്ക് പറക്കുന്നതിനിടെ ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് മിന്നലേറ്റു. ശക്തമായ ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചതോടെ പൈലറ്റ് അടിയന്തര ലാൻഡിങ്ങിന് തീരുമാനിക്കുകയായിരുന്നു. തുടർന്ന് വിമാനം സുരക്ഷിതമായി ലക്നൗ വിമാനത്താവളത്തിൽ ഇറക്കി.
പട്നയിൽ നിന്ന് ലക്നൗവിലേക്ക് സർവീസ് നടത്തിയ 6E925 വിമാനമാണ് മിന്നലേറ്റത്. ഉച്ചയ്ക്ക് 3.10ന് പട്നയിൽ നിന്ന് പുറപ്പെട്ട വിമാനം വൈകിട്ട് 4.05ഓടെ ലക്നൗവിൽ എത്തി. ലാൻഡിങ്ങിന് തൊട്ടുമുൻപായിരുന്നു മിന്നലേറ്റത്. സാഹചര്യം പൈലറ്റ് വിദഗ്ധമായി കൈകാര്യം ചെയ്തതോടെ വലിയ അപകടം ഒഴിവായി.
വിമാനത്തിൽ 104 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. മിന്നലേറ്റെങ്കിലും എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ലക്നൗവിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള അടുത്ത സർവീസിനായി ഇതേ വിമാനം ഉപയോഗിക്കേണ്ടതായിരുന്നു. എന്നാൽ സംഭവത്തെ തുടർന്ന് വിമാനം സർവീസിൽ നിന്ന് മാറ്റി. യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ അഹമ്മദാബാദിലേക്ക് പോകുന്നതിനായി ഇൻഡിഗോ മറ്റൊരു വിമാനം ക്രമീകരിച്ചു.
സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദമായ പരിശോധനയും റെഗുലേറ്ററി അനുമതിയും ലഭിച്ചതിന് ശേഷമേ മിന്നലേറ്റ വിമാനം വീണ്ടും സർവീസിന് ഉപയോഗിക്കൂ.
ഇൻഡിഗോ വിമാനത്തിന് മിന്നലേൽക്കുന്ന സംഭവം ഇതാദ്യമല്ല. ജൂൺ 19ന് കൊൽക്കത്ത വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ഇൻഡിഗോ വിമാനത്തിനും മിന്നലേറ്റിരുന്നു. അഗർത്തലയിലേക്ക് സർവീസ് നടത്തേണ്ടിയിരുന്ന ആ വിമാനത്തിന്റെ വൈദ്യുതി സംവിധാനത്തെ ഇടിമിന്നൽ ബാധിച്ചിരുന്നു.










