
ഹൈദരാബാദ്: യാത്രക്കാരന്റെ പവർബാങ്കിൽനിന്ന് പുകയും തീയും ഉയർന്നതിനെത്തുടർന്ന് ഡൽഹി–ചെന്നൈ ഇൻഡിഗോ വിമാനം ഹൈദരാബാദിൽ അടിയന്തരമായി ഇറക്കി. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. വിമാനത്തിനുള്ളിലെ സംഭവങ്ങളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഡൽഹിയിൽനിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോയുടെ 6E 6115 വിമാനത്തിലാണ് സംഭവം. ഓവർഹെഡ് ബിന്നിൽ സൂക്ഷിച്ചിരുന്ന യാത്രക്കാരന്റെ പവർബാങ്കിൽനിന്നാണ് ആദ്യം പുക ഉയർന്നത്. പിന്നാലെ തീപിടിത്തമുണ്ടായതോടെ വിമാനത്തിലുണ്ടായിരുന്ന ക്യാബിൻ ക്രൂ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ അണച്ചു.
തുടർന്ന് സുരക്ഷ മുൻനിർത്തി പൈലറ്റുമാർ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഷംഷാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.
ചെന്നൈയിലേക്കുള്ള യാത്ര തുടരുന്നതിനായി യാത്രക്കാർക്ക് പകരം വിമാനം ഒരുക്കിയതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ വ്യോമയാന മന്ത്രാലയവും ബന്ധപ്പെട്ട അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










