01:16pm 25 June 2026
NEWS
ഇൻഡിഗോയിൽ പ്രതിസന്ധി തുടരുന്നു; ഇന്നും നൂറുകണക്കിന് സർവീസുകൾ റദ്ദാക്കി
05/12/2025  08:10 AM IST
nila
ഇൻഡിഗോയിൽ പ്രതിസന്ധി തുടരുന്നു; ഇന്നും നൂറുകണക്കിന് സർവീസുകൾ റദ്ദാക്കി

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എയർലൈൻ ആയ ഇൻഡിഗോയിൽ പ്രതിസന്ധി തുടരുന്നു. ഇൻഡി​ഗോയുടെ വിവിധ സർവീസുകൾ ഇന്നും റദ്ദാക്കിയതോടെ നൂറുകണക്കിന് യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. അടുത്ത ദിവസങ്ങളിലും സർവീസുകൾ വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് വിമാനകമ്പനി അറിയിക്കുന്നത്. ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ (എഫ്ഡിടിഎൽ) നടപ്പാക്കുന്നതിലെ വീഴ്ചയാണു വിമാന സർവീസുകൾ താളംതെറ്റാൻ കാരണം. പൈലറ്റുമാർക്ക് വിശ്രമം ഉറപ്പാക്കാനാണ് ഡിജിസിഎ  ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ ഏർപ്പെടുത്തിയത്.

കൊച്ചിയിൽ നിന്ന് ഹൈദരാബാദിലേക്ക് പോകേണ്ടിയിരുന്ന വിമാനത്തിലെ യാത്രക്കാരെ വിമാനം പുലർച്ചെയോടെ റദ്ദാക്കിയ വിവരം അറിയിച്ചതോടെ പ്രകോപിതരായവർ ജീവനക്കാരെ തടഞ്ഞുവച്ച് പ്രതിഷേധിക്കേണ്ടി വന്നു. എല്ലാ സർവീസുകളും സാധാരണ നിലയിൽ എത്താൻ രണ്ടുമാസം വരെ എടുക്കുമെന്നതാണ് ഇൻഡിഗോയുടെ വിലയിരുത്തൽ. യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു.

ഇന്നലെ മാത്രം 550-ത്തിലധികം സർവീസുകൾ റദ്ദാക്കപ്പെട്ടത്, ഇൻഡിഗോയുടെ 20 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമാണ് ഇത്ര വലിയ തോതിൽ റദ്ദാക്കൽ നടക്കുന്നത്. ദിവസേന ഏകദേശം 2,300 സർവീസുകൾ നടത്തുന്ന ഇൻഡിഗോയിൽ ബുധനാഴ്ച വെറും 19.7% വിമാനങ്ങൾ മാത്രമാണ് കൃത്യസമയത്ത് പറന്നത്. ചൊവ്വാഴ്ച്ച 35ശതമാനം വിമാനങ്ങൾ സർവീസ് നടത്തിയിരുന്നു. കാര്യങ്ങൾ ത്വരിതമായി പരിഹരിക്കാനായി സിവിൽ ഏവിയേഷൻ മന്ത്രാലയവും ഡിജിസിഎയും കമ്പനിയുടെ മുതിർന്ന അധികൃതരുമായി അടിയന്തര ചർച്ചകൾ ആരംഭിച്ചു.


തടസ്സങ്ങൾ കുറയ്ക്കാൻ ഇൻഡിഗോ ഡിസംബർ 8 മുതൽ സർവീസുകൾ കുറയ്ക്കാൻ തീരുമാനിച്ചു. ഇതോടെ ക്രിസ്മസ് അവധിക്കാലത്ത് രാജ്യത്ത് യാത്രാക്ക്ളേശം രൂക്ഷമാകാനും, ടിക്കറ്റ് നിരക്ക് ഉയരാനുമുള്ള സാധ്യത വർധിച്ചു. രാത്രി-ഡ്യൂട്ടി സംബന്ധിച്ച ചട്ടത്തിൽ ഫെബ്രുവരി വരെ ഇളവ് നൽകണമെന്ന് ഇൻഡിഗോ ആവശ്യപ്പെട്ടിരുന്നു. ഇതിന് ഡിജിസിഎ തത്വത്തിൽ അനുമതി നൽകാൻ തയ്യാറാണെന്ന വിവരവും പുറത്ത് വരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img