
ദോഹ: സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശി സാന്നിധ്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ച 'ഖത്തർ ലോക്കലൈസേഷൻ അവാർഡിന്' അപേക്ഷിക്കാനുള്ള വിശദമായ ഗൈഡ് പുറത്തിറക്കി. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എളുപ്പത്തിൽ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നടപടികളാണ് മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്.
പുതിയ ഗൈഡ് പ്രകാരം അവാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ലോഗിൻ ചെയ്ത് അക്കൗണ്ട് സൃഷ്ടിച്ച് അപേക്ഷ സമർപ്പിക്കാം. അപേക്ഷകരുടെ യോഗ്യത 5 പ്രവൃത്തിദിവസത്തിനുള്ളിൽ അറിയിക്കും. അർഹത നേടുന്നവർക്ക് വിശദമായ ഫോം പൂരിപ്പിച്ച് സപ്പോർട്ടിംഗ് ഡോക്യുമെന്റുകൾ സഹിതം അപേക്ഷ പൂർത്തിയാക്കാം. മെയ് 9 വരെയാണ് അപേക്ഷ സ്വീകരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്വദേശി പ്രതിഭകളെ ആദരിക്കുക, തൊഴിൽ രംഗത്ത് നവീകരണത്തിന് നേതൃത്വം നൽകുന്ന സ്ഥാപനങ്ങളെ അംഗീകരിക്കുക എന്നിവയാണ് അവാർഡിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായി മാനവവിഭവശേഷി വികസനം മുൻനിർത്തിയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.











