
ദോഹ: ഖത്തർ ദേശീയ വികസന തന്ത്രത്തിന്റെയും വിഷൻ 2030-ന്റെയും ഭാഗമായി സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം (Localization) പ്രോത്സാഹിപ്പിക്കുന്ന മികച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി തൊഴിൽ മന്ത്രാലയം അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്വദേശി ജീവനക്കാർക്ക് 50,000 മുതൽ ഒരു ലക്ഷം റിയാൽ വരെയാണ് സമ്മാനത്തുകയായി ലഭിക്കുക.
സ്വദേശി ജീവനക്കാരുടെ കഴിവുകളെയും നൂതന ആശയങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി ആറ് വിഭാഗങ്ങളിലായാണ് വ്യക്തിഗത അവാർഡുകൾ നൽകുന്നത്.വ്യക്തിഗത അവാർഡുകൾക്ക് പുറമെ, ഒൻപത് പ്രധാന മേഖലകളിൽ നിന്നായി എട്ട് വിഭാഗങ്ങളിൽ സ്ഥാപനങ്ങൾക്കും പുരസ്കാരങ്ങൾ നൽകും. വിജയികളാകുന്ന സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫലകവും പ്രശംസാപത്രവും ലഭിക്കും. കൂടാതെ ഒരു വർഷത്തേക്ക് സ്ഥാപനത്തിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി അവാർഡ് ലോഗോ ഉപയോഗിക്കാനുള്ള അനുമതിയും ഉണ്ടായിരിക്കും.
സ്വദേശി ഉദ്യോഗാർത്ഥികൾക്ക് മികച്ച തൊഴിലന്തരീക്ഷം ഒരുക്കുന്നതിനും അവരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഈ പുരസ്കാരങ്ങൾ പ്രചോദനമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ വിജയഗാഥകളെ പുറംലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതും ഈ പദ്ധതിയൂടെ ലക്ഷ്യമാണ്.










