
കർണാടകം ഭരിക്കുന്ന കോൺഗ്രസ്സിൽ കടുത്ത ബലപരീക്ഷണമാണ് നടക്കുന്നത്. ശീതസമരത്തിന്റെ രണ്ടര വർഷം കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും നേരിട്ട് ഏറ്റുമുട്ടുന്ന കാഴ്ചയാണ് കാണുന്നത്. "വാക്ക് പാലിക്കുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തി. അത് ജഡ്ജിയായാലും പ്രസിഡന്റായാലും മറ്റാരായാലും ഞാൻ തന്നെ ആയാലും വാക്കാണ് ശക്തി" ശിവകുമാർ എക്സിൽ കുറിച്ചു. വൈറലായപ്പോൾ, ഭരണഘടനാദിനവുമായി ബന്ധപ്പെട്ട ആ പോസ്റ്റ് തെറ്റായാണ് സ്വീകരിക്കപ്പെട്ടത് എന്ന വിശദീകരണത്തോടെ ശിവകുമാർ അത് മാറ്റിയെങ്കിലും വിവാദമൊഴിഞ്ഞില്ല. ജനവിധി ഒരു നിമിഷത്തേക്കല്ല, അഞ്ചു വർഷത്തേക്കാണെന്ന്, അതിന് മറുപടിയെന്നോണം സിദ്ധരാമയ്യ എക്സിൽ എഴുതി."ജനങ്ങൾക്ക് കൊടുക്കുന്ന വാക്കാണ് പ്രധാനം. 2013- 18 ലെ ആദ്യ ടേമിൽ ജനങ്ങൾക്ക് നൽകിയ 165 വാഗ്ദാനങ്ങളിൽ 157 ഉം പാലിച്ചിരുന്നു. ഇത്തവണത്തെ 593 വാഗ്ദാനങ്ങളിൽ 243 ഇതിനകം നിറവേറ്റി. കാലാവധി പകുതിയായിട്ടേയുള്ളൂ. ബാക്കിയും സമയബന്ധിതമായി നടപ്പാക്കും "അധികാരത്തിൽ തുടരുമെന്ന വ്യക്തമായ സൂചനയോടെ അദ്ദേഹം വിശദീകരിച്ചു. ഉയർന്ന രാഷ്ട്രീയാവബോധവും ഭരണസാമർഥ്യവും പിന്നോക്ക വിഭാഗ- ദളിത്- ന്യൂനപക്ഷ കൂട്ടായ്മയായ അഹിന്ദയുടെ അചഞ്ചല പിന്തുണയുമുള്ള സിദ്ധരാമയ്യ മുഖ്യമന്ത്രിക്കസേരയിൽ ഇപ്പോഴും സുരക്ഷിതനാണ്. ഹൈക്കമാണ്ട് താല്പര്യപ്പെട്ടാലും ശിവകുമാറിനുവേണ്ടി അദ്ദേഹത്തെ മാറ്റുക എളുപ്പമല്ല. മന്ത്രിസഭയിൽ രണ്ടാമനായും പാർട്ടിയിൽ ഒന്നാമനായും(പിസിസി പ്രസിഡന്റ്) ബംഗളുരു നഗരവികസനത്തിന്റെ ചുമതലയുള്ള മന്ത്രിയായും- ഹൈക്കമാണ്ടിന് പ്രിയങ്കരനായ നേതാവ് ആയിട്ടുപോലും-പ്രവർത്തിച്ചിട്ടും സിദ്ധരാമയ്യയ്ക്ക് ഒപ്പമെത്താൻ ശിവകുമാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സിദ്ധരാമയ്യ രണ്ടുതവണ മുഖ്യമന്ത്രിയായത് അദ്ദേഹത്തിന്റെ കഴിവുകൊണ്ടുതന്നെയാണ്. ജെഡിഎസ്സിന്റെ മന്ത്രിയും ഉപമുഖ്യമന്ത്രിയും പിന്നീട് കോൺഗ്രസ്സിന്റെ മുഖ്യമന്ത്രിയും ആയപ്പോൾ ആകെ പതിനാലുതവണ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട് സാമ്പത്തിക വിദഗ്ധൻ കൂടിയായ സിദ്ധരാമയ്യ. ഈ വരുന്ന ജനവരിയിൽ പതിനഞ്ചാമത്തെ ബജറ്റ് താൻ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറയുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്. ഒഴിവാക്കാനാവാത്ത സാഹചര്യം ഉടലെടുത്താൽ ശിവകുമാറുമായി മാത്രമല്ല ഹൈക്കമാണ്ടുമായും ഉടക്കാൻ സിദ്ധരാമയ്യ മടിക്കില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. മുഖ്യമന്ത്രിപ്പോരിൽ സിദ്ധരാമയ്യയ്ക്കും ശിവകുമാറിനും പുറമെ മൂന്ന് കഥാപാത്രങ്ങൾ കൂടിയുണ്ട്. 2013 ൽ മുഖ്യമന്ത്രിസ്ഥാനം കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി ഡോക്ടർ ജി പരമേശ്വര, ദീർഘകാലം മന്ത്രിയായും പ്രതിപക്ഷ നേതാവായും പിസിസി അധ്യക്ഷനായുമൊക്കെ സംസ്ഥാന രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിട്ടും മുഖ്യമന്ത്രിയാകാൻ ഭാഗ്യം ലഭിക്കാതെപോയ, ഇപ്പോൾ എ ഐ സിസി അധ്യക്ഷപദവി അലങ്കരിക്കുന്ന മല്ലികാർജ്ജുന ഖാർഗെ, പിസിസി അധ്യക്ഷസ്ഥാനം പിടിച്ചുവാങ്ങി അടുത്ത ടേമിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ തന്ത്രങ്ങൾ മെനയുന്ന പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി എന്നിവരാണവർ. ഒരു പ്രതിസന്ധി രൂപപ്പെട്ടാൽ ഇവർ കളം മാറ്റി ചവിട്ടില്ലെന്ന് പറയാനാവില്ല. തൽക്കാലം സിദ്ധരാമയ്യ സെയിഫാണ് എന്നതിൽ മാത്രമെ വ്യക്തതയുള്ളൂ.
Photo Courtesy - Google











