
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ-ഡീസൽ വിലയിൽ ഉടൻ ഇളവ് പ്രതീക്ഷിക്കേണ്ടതില്ലെന്ന് സൂചന. വിലക്കുറവുമായി ബന്ധപ്പെട്ട തീരുമാനം കുറഞ്ഞത് രണ്ടാഴ്ചത്തേക്കെങ്കിലും നീളാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുൻപ് സാഹചര്യം വിലയിരുത്തിയ ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ.
പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയും അടുത്തിടെ ഇന്ധനവില ഉടൻ കുറയ്ക്കാനാകില്ലെന്ന നിലപാട് വ്യക്തമാക്കിയിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഒരുകാലത്ത് ബാരലിന് 110 മുതൽ 120 ഡോളർ വരെ ഉയർന്നിരുന്ന അന്താരാഷ്ട്ര ക്രൂഡോയിൽ വില ഇപ്പോൾ 70 മുതൽ 73 ഡോളർ വരെയായി താഴ്ന്നിട്ടുണ്ട്. ചില ദിവസങ്ങളിൽ ഇത് 70 ഡോളറിലും താഴെയെത്തിയെങ്കിലും പൊതുമേഖലാ എണ്ണക്കമ്പനികൾ റീട്ടെയിൽ ഇന്ധനവിലയിൽ മാറ്റം വരുത്തിയിട്ടില്ല. നിലവിൽ പെട്രോളിന് ലിറ്ററിന് 115.49 രൂപയും ഡീസലിന് 104.40 രൂപയുമാണ് വില.
ഇതിനിടെ, രാജ്യത്തെ പ്രമുഖ സ്വകാര്യ എണ്ണവിതരണ കമ്പനിയായ നയാര എനർജി ഇന്ധനവിലയിൽ ഇളവ് പ്രഖ്യാപിച്ചു. കമ്പനിയുടെ പമ്പുകളിൽ പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷം ശമിച്ചതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില ഇടിഞ്ഞ സാഹചര്യത്തിലാണ് ഈ നടപടി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരു സ്വകാര്യ കമ്പനി റീട്ടെയിൽ ഇന്ധനവില കുറയ്ക്കുന്നത് ആദ്യമായാണ്.
നയാര എനർജിയുടെ രാജ്യത്താകെയുള്ള ഏഴായിരത്തിലധികം പെട്രോൾ പമ്പുകളിൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. എന്നാൽ സംസ്ഥാനങ്ങളിലെ പ്രാദേശിക നികുതിയും മൂല്യവർധിത നികുതിയും (വാറ്റ്) വ്യത്യാസപ്പെടുന്നതിനാൽ വിവിധ പ്രദേശങ്ങളിലെ വിലയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കും.
അതേസമയം, രാജ്യത്തെ ഇന്ധന വിപണിയുടെ 90 ശതമാനത്തിലധികം നിയന്ത്രിക്കുന്ന പൊതുമേഖലാ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ നിലവിൽ വില കുറയ്ക്കാൻ തയ്യാറായിട്ടില്ല. ഈ കമ്പനികളുടെ കീഴിലുള്ള ഒരു ലക്ഷത്തിലധികം പെട്രോൾ പമ്പുകളിലും പഴയ നിരക്കുകൾ തന്നെയാണ് തുടരുന്നത്.










