
അമേരിക്കയിൽ എട്ട് ഖാലിസ്ഥാൻ തീവ്രവാദികൾ അറസ്റ്റിൽ. ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' പട്ടികയിലുള്ള പവിത്തർ സിങ് ബട്ട്‌ല ഉൾപ്പെടെയുള്ള ഭീകരരെയാണ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ (എഫ്ബിഐ) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. പവിത്തറിനെ കൂടാതെ ദിൽപ്രീത് സിങ്, അമൃത്പാൽ സിങ്, അഷ്പ്രീത് സിങ്, മൻപ്രീത് രൺധാവ, സരബ്ജിത് സിങ്, ഗുർതാജ് സിങ്, വിശാൽ എന്നിവരാണ് പിടിയിലായ മറ്റ് ഭീകരർ. ഒരു തട്ടിക്കൊണ്ടുപോകൽ കേസുമായി ബന്ധപ്പെട്ടാണ് ഇവരെ എഫ്ബിഐ അറസ്റ്റ് ചെയ്തത്.
പഞ്ചാബിൽ നിന്നുള്ള അധോലോകനേതാവായ പവിത്തർ അമേരിക്കയിലാണ് സ്ഥിരതാമസം. നിരോധിത ഭീകരവാദ സംഘടനയായ ബാബ്ബർ ഖൽസ ഇന്റർനാഷണൽ (ബികെഐ) അംഗമാണ് ഇയാൾ. നിരവധി ഭീകരവാദപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എൻഐഎ തിരഞ്ഞുകൊണ്ടിരുന്ന ഇയാൾക്കൊപ്പം അറസ്റ്റിലായവരും സ്ഥിരം കുറ്റവാളികളാണ് എന്നാണ് വിവരം.
വെള്ളിയാഴ്ചയാണ് അമേരിക്കയുടെ പല ഭാഗങ്ങളിൽനിന്നായി എട്ട് കുറ്റവാളികളും എഫ്ബിഐയുടെ പിടിയിലായത്. കാലിഫോർണിയയിലെ സാൻ ജോക്വിൻ കൗണ്ടിയിൽ നടന്ന ഒരു തട്ടിക്കൊണ്ടുപോകൽ കേസുമായി ബന്ധപ്പെട്ടാണ് ഇവരെ പിടികൂടിയത്. തട്ടിക്കൊണ്ടുപോകൽ, പീഡനം, അനധികൃതമായി തടവിൽ പാർപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, സാക്ഷിയെ ഭീഷണിപ്പെടുത്തൽ, തോക്കുപയോഗിച്ചുള്ള കയ്യേറ്റം എന്നിങ്ങനെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. കുറ്റവാളികളെയെല്ലാം കോടതിയിൽ ഹാജരാക്കിയ ശേഷം സാൻ ജോക്വിൻ കൗണ്ടി ജയിലിലേക്ക് മാറ്റിയതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.











