11:06am 29 April 2026
NEWS
ഇന്ത്യക്കാർ വരുമാനത്തിന്റെ 33 ശതമാനത്തിലധികം ഉപയോഗിക്കുന്നത് വായ്പാ തിരിച്ചടവിന്
19/02/2025  01:14 PM IST
nila
ഇന്ത്യക്കാർ വരുമാനത്തിന്റെ 33 ശതമാനത്തിലധികം ഉപയോഗിക്കുന്നത് വായ്പാ തിരിച്ചടവിന്

ഇന്ത്യക്കാർ തങ്ങളുടെ വരുമാനത്തിന്റെ 33 ശതമാനത്തിലധികം ഉപയോഗിക്കുന്നത് വായ്പാ തിരിച്ചടവിനാണെന്ന് റിപ്പോർട്ട്. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയിലൊട്ടാകെ മൂന്നു ലക്ഷം ആളുകൾക്കിടയിൽ നടത്തിയ സർവെയിലാണ് ഇന്ത്യക്കാരുടെ വരുമാനം പോകുന്ന വഴികളെ കുറിച്ച് വെളിപ്പെട്ടത്.  'ഇന്ത്യ എപ്രകാരം ചെലവഴിക്കുന്നു' എന്ന തലക്കെട്ടോടെ ഈ റിപ്പോർട്ടും പുറത്തുവന്നു. 

20,000ത്തിൽ താഴെ മുതൽ ഒരു ലക്ഷം രൂപവരെ വരുമാനമുള്ളവരിലാണ്  പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് സർവെ നടത്തിയത്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, ഫിൻടെക് കമ്പനികൾ, മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയെ വായ്പക്കായി സമീപിക്കുന്നവരെയാണ് സർവെയിൽ പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. ഉയർന്ന-ഇടത്തരം വരുമാനക്കാർക്കിടയിലാണ് പ്രതിമാസ തിരിച്ചടവ് കൂടുതൽ. താഴ്ന്ന വരുമാനക്കാരിലേറെയും വായ്പക്കായി സമീപിക്കുന്നത് സുഹൃത്തുക്കൾ, ബന്ധുക്കൾ, പ്രാദേശിക വായ്പാ ദാതാക്കൾ എന്നിവരെയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വാഹനങ്ങൾ, ആഡംബര വസ്തുക്കൾ, അവധിക്കാല യാത്ര എന്നിവയ്ക്കാണ് ഉയർന്ന വരുമാനക്കാർ കൂടുതലായി വായ്പയെടുക്കുന്നത്. അവശ്യ വസ്തുക്കൾക്കായി വരുമാനത്തിന്റെ 32 ശതമാനവും ഓൺലൈൻ ഗെയിംപോലുള്ള ചൂതാട്ടങ്ങൾക്കും ലൈഫ്‌സ്റ്റൈൽ ഷോപ്പിങുകൾക്കുമായി 29 ശതമാനവും ഇവർ ചെലവഴിക്കുന്നു. വായ്പാ തിരിച്ചടവ് പോലുള്ള നിർബന്ധിത ആവശ്യങ്ങൾക്കായി 39 ശതമാനം തുകയും നീക്കവെയ്ക്കുന്നു.

താഴ്ന്ന ശമ്പള വരുമാനക്കാരിൽ ഏറെപ്പേരും കൂടുതൽ തുക നീക്കവെയ്ക്കുന്നത് അവശ്യവസ്തുക്കൾ വാങ്ങുന്നതിനും കടംവീട്ടുന്നതിനുമാണെന്നും സർവെയിൽ കണ്ടെത്തി. ഉയർന്ന ശമ്പളക്കാരാകട്ടെ വരുമാനത്തിലേറെ ഭാഗവും നിർബന്ധിതവും വിവേചനപരവുമായ ചെലവുകൾക്കായാണ് മാറ്റിവെയ്ക്കുന്നു. താഴ്ന്ന വരുമാനക്കാരെ അപേക്ഷിച്ച് ഉയർന്ന വരുമാനക്കാർ വിവേചനാധികാര ചെലവുകൾക്കായി കൂടുതൽ ചെലവഴിക്കുന്നു. യഥാക്രമം 22 ശതമാനവും 33 ശതമാനവുമാണിത്.

വായ്പാ തിരിച്ചടവും ഇൻഷുറൻസ് പ്രീമിയവുമൊക്കെയുമാണ് നിർബന്ധിത ചെലവുകളിൽ ഉൾപ്പെടുന്നത്. ഓൺലൈൻ ഗെയിം, അവധിക്കാലയാത്ര, പുറത്തുനിന്നുള്ള ഭക്ഷണം, വിനോദം, വസ്ത്രം തുടങ്ങിയവയാണ് വിവേചന ചെലവുകളിൽ ഉൾപ്പെടുന്നത്. പലചരക്ക്, ഇന്ധനം, മരുന്ന്, വൈദ്യുതി, വെള്ളം, പാചക വാതകം തുടങ്ങിയവയാണ് അവശ്യവസ്തു വിഭാഗത്തിലുമുള്ളത്.

ഉപഭോഗത്തിൽ വർധനവുണ്ടായെങ്കിലും ഗർഹിക സമ്പാദ്യം അഞ്ച് വർഷത്തെ താഴ്ന്ന നിലവാരത്തിലെത്തി. 2023ൽ ഇത് ജിഡിപിയുടെ 5.1 ശതമാനം മാത്രമായിരുന്നുവെന്ന് ആർബിഐ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. വ്യക്തിഗത വായ്പ വർധിച്ചതുമൂലമാണെന്നാണ് സാമ്പത്തിക ആസ്തികളിൽ കുറവുണ്ടായതെന്നാണ് വിലയിരുത്തൽ.

വ്യക്തിഗത വായ്പകളിലെ ശരാശരി വാർഷിക വർധന 13.7 ശതമാനമാണ്. 2024 സെപ്റ്റംബർ വരെയുള്ള കണക്ക് പ്രകാരം 55.3 ലക്ഷം കോടി രൂപവരുമിത്. ശമ്പളത്തിൽ ആറ് വർഷത്തിനിടെ ഉണ്ടായിട്ടുള്ള ശരാശരി വർധന 9.1 ശതമാനമാണ്. എന്നിട്ടും കടബാധ്യത കൂടുന്നു. വാഹനങ്ങളും വീടുകളും വാങ്ങുന്നതിന് വായ്പയെ കൂടുതൽ ആശ്രയിക്കുന്നതാണ് ഇതിന് കാരണമായി പറയുന്നത്.

നിർബന്ധിത ചെലവുകൾക്കായി ഇലക്ട്രോണിക് ക്ലിയറിങ് സർവീസ്(ഇസിഎസ്) ആണ് കൂടുതൽ പേരും ഉപയോഗിക്കുന്നത്. വിവേചനപരവും അത്യാവശ്യമുള്ളതുമായ ചെലവഴിക്കലിന് ഏറെയും യുപിഐയും.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img