
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ പൊലീസ്-കവർച്ചാസംഘം ഏറ്റുമുട്ടലിൽ ഇന്ത്യൻ യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. ജാർഖണ്ഡിലെ ഗിരിദിഹ് ജില്ല സ്വദേശിയായ വിജയ് കുമാർ മഹാതോ യാണ് മരിച്ചത്. ഒക്ടോബർ 16ന് നടന്ന വെടിവയ്പിലാണ് ഇരുപത്താറുകാരനായ വിജയ് കുമാർ മരിച്ചത്.
മൃതശരീരം നാട്ടിലെത്തിക്കുന്നതിനായി ജാർഖണ്ഡ് തൊഴിൽ വകുപ്പ് സൗദിയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുന്നുണ്ട്. മൈഗ്രന്റ് കൺട്രോൾ സെല്ലിന്റെ ടീം ലീഡർ ശിഖ ലാക്രയുടെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. ജിദ്ദ പൊലീസ് അധികൃതരുമായി ഔദ്യോഗിക അനുമതികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഗിരിദിഹ് ജില്ലയിലെ ദുദ്പനിയ ഗ്രാമത്തിലേക്ക് കൊണ്ടുപോകുമെന്ന് അവർ അറിയിച്ചു.
ഒമ്പത് മാസം മുമ്പാണ് വിജയ് കുമാർ സൗദിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ടവർ ലൈൻ ഫിറ്ററായി ജോലി ആരംഭിച്ചത്. ഒക്ടോബർ 16ന് ഭാര്യ ബസന്തി ദേവിക്ക് വാട്സ്ആപ്പിൽ ശബ്ദസന്ദേശം അയച്ചതായിരുന്നു അവസാന ആശയവിനിമയം. ഒക്ടോബർ 24നാണ് കമ്പനിയുടെ അധികൃതർ കുടുംബത്തെ മരണവിവരമറിയിച്ചത്.
സംഭവം അറിഞ്ഞതിനെ തുടർന്ന് സാമൂഹിക പ്രവർത്തകനായ സിക്കന്ദർ അലി രംഗത്തെത്തി. മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാനും കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കാനുമാണ് അദ്ദേഹം സംസ്ഥാന തൊഴിൽ വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.











