
മുംബൈ: ശതകോടീശ്വരൻ ഇലോൺ മസ്ക് ആണെന്ന് വിശ്വസിപ്പിച്ച് വിവാഹവാഗ്ദാനം നൽകി യുവതിയിൽ നിന്നും തട്ടിയെടുത്തത് 16 ലക്ഷം രൂപയിലേറെ. മുംബൈ സ്വദേശിനിയായ നാൽപ്പതുകാരിക്കാണ് സൈബർ തട്ടിപ്പിലൂടെ പണം നഷ്ടമായത്. ഇൻഷുറൻസ് കമ്പനി ജീവനക്കാരിയായ യുവതിയാണ് തട്ടിപ്പിനിരയായത്.
എക്‌സിലൂടെ ആരംഭിച്ച സൗഹൃദം പിന്നീട് പ്രണയമായി മാറിയതോടെയാണ് തട്ടിപ്പുകാരൻ താൻ ഇലോൺ മസ്ക് ആണെന്നും വിവാഹം കഴിച്ച് അമേരിക്കയിലേക്ക് കൊണ്ടുപോകുമെന്നും യുവതിയെ വിശ്വസിപ്പിച്ചത്. വീസ സംബന്ധിച്ച നടപടികൾ ക്രമീകരിക്കാൻ സഹായിക്കാനായി ‘ജെയിംസ്’ എന്ന പേരിലുള്ള മറ്റൊരു വ്യക്തിയെ പരിചയപ്പെടുത്തി.
വീസ പ്രക്രിയ വേഗത്തിലാക്കണമെന്ന വ്യാജേന ആമസോൺ ഗിഫ്റ്റ് കാർഡുകൾ വാങ്ങി അതിന്റെ കോഡുകൾ കൈമാറാൻ ജെയിംസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ഒക്ടോബർ മുതൽ ഈ മാസം വരെ യുവതി 16.34 ലക്ഷം രൂപയുടെ ഗിഫ്റ്റ് കാർഡുകളാണ് വാങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കി.
പിന്നീട് യുഎസിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ രണ്ട് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് യുവതിക്ക് സംശയം തോന്നിയത്. ഉടൻ തന്നെ മാതാപിതാക്കളെ വിവരമറിയിച്ച യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.











