
വാഷിങ്ടൺ: അമേരിക്കയിലെ മേരിലാൻഡിൽ ഇന്ത്യൻ യുവതിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതം. കൊളംബിയയിൽ താമസിച്ചിരുന്ന നികിത ഗോഡിശാല (27) ആണ് കൊല്ലപ്പെട്ടത്. കാമുനായ അർജുൻ ശർമയുടെ അപ്പാർട്ട്മെന്റിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
നികിതയെ കാണാനില്ലെന്ന് കാണിച്ച് അർജുൻ ശർമ നൽകിയ പരാതിക്ക് പിന്നാലെ ദിവസങ്ങൾക്കുള്ളിലാണ്, അതേ അപ്പാർട്ട്മെന്റിൽ നിന്ന് തന്നെ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹോവാർഡ് കൗണ്ടി പൊലീസ് 26കാരനായ അർജുൻ ശർമയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നികിതയെ കാണാനില്ലെന്ന് കാണിച്ച് അർജുൻ പൊലീസിൽ പരാതി നൽകിയത്. ട്വിൻ റിവേഴ്സ് റോഡിലെ 10100 ബ്ലോക്കിലുള്ള തന്റെ അപ്പാർട്ട്മെന്റിൽ നടന്ന പുതുവത്സരാഘോഷത്തിനിടെയാണ് യുവതിയെ അവസാനമായി കണ്ടതെന്നും പിന്നീട് വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
എന്നാൽ, പരാതി നൽകിയ അതേ ദിവസം തന്നെ അർജുൻ ശർമ യുഎസ് വിട്ട് ഇന്ത്യയിലേക്ക് പോയതായും പൊലീസ് സ്ഥിരീകരിച്ചു. ഇതോടെ സംശയം ശക്തമായ സാഹചര്യത്തിൽ പൊലീസ് അപ്പാർട്ട്മെന്റിൽ പരിശോധന നടത്തി. പരിശോധനയ്ക്കിടെയാണ് നികിതയെ കത്തിക്കുത്തേറ്റ നിലയിൽ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്.
പുതുവത്സര തലേന്ന് രാത്രി ഏഴുമണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും, വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.











