
ന്യൂഡൽഹി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പോർച്ചുഗലിലെത്തിച്ച 28കാരിയെ 11 ലക്ഷം രൂപയ്ക്ക് ബീയർ പാർലർ ഉടമയ്ക്ക് വിറ്റു. പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘വീ മൈഗ്രേറ്റ്’ എന്ന സ്ഥാപനത്തിനെതിരെയാണ് നാഗ്പുർ സ്വദേശിനിയായ യുവതി പരാതി നൽകിയത്. സംഭവത്തിൽ സ്ഥാപനത്തിന്റെ നടത്തിപ്പുകാർ ഉൾപ്പെടെ എട്ട് പേർക്കെതിരെ പുണെ പൊലീസ് കേസെടുത്തു.
കഴിഞ്ഞ മാസമാണ് സംഭവമെന്നാണ് പരാതിയിൽ പറയുന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് യുവതി ‘വീ മൈഗ്രേറ്റ്’ എന്ന സ്ഥാപനത്തെക്കുറിച്ച് അറിയുന്നത്. പോർച്ചുഗലിൽ പ്രതിമാസം 1.5 ലക്ഷം രൂപ ശമ്പളത്തിൽ കാഷ്യർ ജോലി ലഭിക്കുമെന്ന് സ്ഥാപനം വാഗ്ദാനം ചെയ്തിരുന്നു.
വീസയ്ക്കും മറ്റ് നടപടികൾക്കുമായി പല ഘട്ടങ്ങളിലായി യുവതിയിൽനിന്ന് 11 ലക്ഷം രൂപ വാങ്ങിയെന്നും പരാതിയിലുണ്ട്. പോർച്ചുഗലിലെത്തിയതിന് പിന്നാലെ ഏജന്റുമാർ പാസ്പോർട്ടും മറ്റ് യാത്രാരേഖകളും കൈവശപ്പെടുത്തിയതായി യുവതി ആരോപിച്ചു.
തുടർന്ന് രണ്ട് ദിവസത്തോളം യുവതിയെ തടഞ്ഞുവച്ചെന്നും പിന്നീട് ഒരു ബീയർ ഷോപ്പ് ഉടമയ്ക്ക് കൈമാറിയെന്നുമാണ് പരാതി. നിർബന്ധിച്ച് ജോലി ചെയ്യിപ്പിച്ചതായും ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് ഇരയാക്കിയതായും യുവതി പൊലീസിനോട് പറഞ്ഞു. പാസ്പോർട്ട് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതിനും പണം ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്.
പീഡനം തുടരുന്നതിനിടെ യുവതി അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. റോഡ് മാർഗം ലിസ്ബണിലെത്തിയ ശേഷം മഡ്രിഡിലേക്കും തുടർന്ന് ദോഹ വഴി ഇന്ത്യയിലേക്കും എത്തിയതായി പരാതിയിൽ പറയുന്നു.
ഇന്ത്യയിലെത്തിയ ശേഷവും ഭീഷണി തുടർന്നെന്നാണ് യുവതിയുടെ ആരോപണം. മാൾട്ടയിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് സംഘം വീണ്ടും മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചതോടെ ഭർത്താവിനെ കൊലപ്പെടുത്തുമെന്നും കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറയുന്നു.
തുടർന്നാണ് യുവതി പുണെ പൊലീസിനെ സമീപിച്ചത്. മനുഷ്യക്കടത്ത്, തട്ടിപ്പ്, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് എട്ട് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.











