06:49pm 30 August 2026
NEWS
‘നിങ്ങൾ മുസ്ലീങ്ങളാണ്’; ബ്രിട്ടനിൽ കൗമാരക്കാരിൽ നിന്നും വംശീയാധിക്ഷേപം നേരിട്ടെന്ന് വെളിപ്പെടുത്തി യുവതി
30/08/2026  01:16 PM IST
nila
 ‘നിങ്ങൾ മുസ്ലീങ്ങളാണ്’; ബ്രിട്ടനിൽ കൗമാരക്കാരിൽ നിന്നും വംശീയാധിക്ഷേപം നേരിട്ടെന്ന് വെളിപ്പെടുത്തി യുവതി

ലണ്ടൻ: ബ്രിട്ടനിലെ തടാകക്കരയിൽ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുകയായിരുന്ന ഇന്ത്യൻ യാത്രക്കാർക്ക് നേരെ കൗമാരക്കാരുടെ വംശീയ അധിക്ഷേപമെന്ന് പരാതി. ഏകദേശം 13–14 വയസ്സ് പ്രായമുള്ള അഞ്ച്–ആറ് കുട്ടികൾ ചേർന്ന് തങ്ങളെ അപമാനിക്കുകയും ചെളിയും കുപ്പിയും ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് ഇന്ത്യൻ യുവതി ആരോപിക്കുന്നത്. സംഭവത്തിൽ പൊലീസ് ഇടപെട്ടതായും യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോകളിലൂടെ വ്യക്തമാക്കി.

@that_random_explorer എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് യുവതി അനുഭവം പങ്കുവെച്ചത്. രണ്ട് ഭാഗങ്ങളായാണ് സംഭവത്തെക്കുറിച്ചുള്ള വിഡിയോയും കുറിപ്പും പോസ്റ്റ് ചെയ്തത്. സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ശ്രദ്ധ നേടുകയും ചെയ്തു.

ഭർത്താവിനും സുഹൃത്തുക്കൾക്കുമൊപ്പം തടാകക്കരയിൽ വിശ്രമിക്കുകയായിരുന്ന സമയത്താണ് കുട്ടികൾ ഇവർക്കുനേരെ ചെളി വാരിയെറിയാൻ തുടങ്ങിയതെന്നാണ് യുവതിയുടെ ആരോപണം. ആദ്യം കുട്ടികൾ തമാശ ചെയ്യുകയാണെന്ന് കരുതി പ്രതികരിച്ചില്ല. എന്നാൽ ആക്രമണം തുടർന്നതോടെ ഇത് നിർത്തണമെന്ന് ആവശ്യപ്പെട്ടു.

ഇതോടെ കുട്ടികൾ വംശീയവും മതപരവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് യുവതി പറയുന്നത്. ‘നിങ്ങൾ മുസ്ലീങ്ങളാണ്’ എന്ന തരത്തിലുള്ള പരാമർശങ്ങളും ഉണ്ടായതായി അവർ ആരോപിച്ചു. താനും സുഹൃത്തുക്കളും മുസ്ലീങ്ങളല്ലെന്നും, സംഭവത്തിന് മതവുമായി ബന്ധമില്ലെന്നും യുവതി വ്യക്തമാക്കി. തങ്ങളെ ലക്ഷ്യമിട്ടുള്ള വംശീയ അധിക്ഷേപമായിരുന്നു ഇതെന്നും അവർ പറഞ്ഞു.

തുടർന്ന് യുവതിയുടെ ഭർത്താവ് പൊലീസിനെ ഫോണിൽ ബന്ധപ്പെട്ടു. ഫോൺ സംഭാഷണത്തിനിടെ കുട്ടികൾ നടത്തിയ ചില വംശീയ പരാമർശങ്ങൾ പൊലീസും കേട്ടതായി യുവതി പറയുന്നു. സ്ഥലത്ത് തുടരാനും പൊലീസ് എത്തുന്നതുവരെ കാത്തിരിക്കാനും ഉദ്യോഗസ്ഥർ നിർദേശിച്ചു.

എന്നാൽ ഏകദേശം ഒരു മണിക്കൂറോളം കാത്തിരുന്നിട്ടും പൊലീസ് സ്ഥലത്തെത്തിയില്ലെന്നാണ് യുവതിയുടെ ആരോപണം. ഇതിനിടെ കുട്ടികൾ അധിക്ഷേപം തുടർന്നതായും ജ്യൂസ് കുപ്പി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതായും അവർ പറഞ്ഞു. സാഹചര്യം കൂടുതൽ വഷളായതോടെ ഒടുവിൽ സ്ഥലത്തുനിന്ന് മടങ്ങേണ്ടിവന്നെന്നും യുവതി വ്യക്തമാക്കി.

രാത്രി 10 മണിയോടെ പൊലീസിന്റെ ഇടപെടൽ

സംഭവത്തിന് പിന്നാലെ രാത്രി പത്ത് മണിയോടെ പൊലീസ് തങ്ങളെ ബന്ധപ്പെടുകയായിരുന്നുവെന്ന് യുവതി പിന്നീട് പങ്കുവെച്ച രണ്ടാമത്തെ വിഡിയോയിൽ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടികളെ കണ്ടെത്തിയ പൊലീസ് അവരുടെ രക്ഷിതാക്കളുമായി സംസാരിക്കുകയും ശക്തമായ മുന്നറിയിപ്പ് നൽകുകയും ചെയ്തതായി അറിയിച്ചെന്നും യുവതി കൂട്ടിച്ചേർത്തു.

സംഭവത്തിൽ നിയമനടപടികൾ സ്വീകരിക്കുന്നതിനായി കോടതിയെ സമീപിക്കാനും കുട്ടികളുടെ വീടുകളിലേക്ക് നിയമപരമായ അറിയിപ്പ് നൽകാനും പൊലീസ് അവസരം നൽകിയിരുന്നു. എന്നാൽ കുട്ടികൾക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കേണ്ടതില്ലെന്നായിരുന്നു തങ്ങളുടെ തീരുമാനമെന്ന് യുവതി പറഞ്ഞു.

സംഭവത്തെക്കുറിച്ചുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. ചിലർ സംഭവത്തെ അപലപിച്ചപ്പോൾ, വിഷയത്തിൽ പൊലീസ് ഇടപെട്ടതിനെ അഭിനന്ദിച്ചും നിരവധി പേർ രംഗത്തെത്തി.

ഇതിനിടെ, അയർലൻഡിൽ ഇന്ത്യൻ വംശജർക്കെതിരെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ബ്രിട്ടനിലെ സംഭവവും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img