03:56pm 26 July 2026
NEWS
കാനഡയിൽ ഇന്ത്യൻ യുവതി കൊല്ലപ്പെട്ടു; പങ്കാളി അറസ്റ്റിൽ
25/07/2026  11:58 AM IST
nila
കാനഡയിൽ ഇന്ത്യൻ യുവതി കൊല്ലപ്പെട്ടു; പങ്കാളി അറസ്റ്റിൽ

ഒട്ടാവ: കാനഡയിലെ എഡ്മന്റണിൽ ഇന്ത്യൻ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പങ്കാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ലുധിയാന സ്വദേശിനിയായ ദാമൻപ്രീത് കൗർ (23) ആണ് കൊല്ലപ്പെട്ടത്. കേസിൽ 22 വയസ്സുകാരനായ റിതീഷ് കുമാറിനെ എഡ്മന്റൺ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

ജൂലൈ 9-ന് വൈകിട്ടാണ് എഡ്മന്റണിലെ സിൽവർബെറി പ്രദേശത്തെ വസതിയിൽ ഗുരുതരമായി പരുക്കേറ്റ നിലയിലും അബോധാവസ്ഥയിലുമായി ദാമൻപ്രീതിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ജൂലൈ 12-ന് മരണം സംഭവിച്ചു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ യുവതിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. അന്വേഷണം ബാധിക്കാതിരിക്കാനാണ് മരണകാരണം ആദ്യം പൊലീസ് പുറത്തുവിടാതിരുന്നത്. ജൂലൈ 23-ന് പുറത്തുവിട്ട വിവരമനുസരിച്ച്, ശ്വാസംമുട്ടിച്ചാണ് ദാമൻപ്രീതിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

സംഭവവുമായി ബന്ധപ്പെട്ട് ജൂലൈ 22-ന് റിതീഷ് കുമാറിനെ അറസ്റ്റ് ചെയ്ത പൊലീസ്, കേസിൽ മറ്റാർക്കും പങ്കില്ലെന്ന് അറിയിച്ചു.

അതേസമയം, ദാമൻപ്രീത് കൗറിന്റെ മൃതദേഹം ഇന്ത്യയിലെ സ്വദേശത്തേക്ക് എത്തിക്കുന്നതിനുള്ള ചെലവ് കണ്ടെത്താൻ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തികമായി വലിയ ബാധ്യതയായതിനാൽ കുടുംബത്തെ സഹായിക്കാനാണ് ഈ നീക്കം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img