08:21pm 28 July 2026
NEWS
ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് മതംമാറി പാകിസ്ഥാനിയെ വിവാഹം കഴിച്ചു; ജീവിതം ദുരിതത്തിലെന്ന് ഇന്ത്യൻ യുവതി
15/01/2026  01:57 PM IST
nila
ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് മതംമാറി പാകിസ്ഥാനിയെ വിവാഹം കഴിച്ചു; ജീവിതം ദുരിതത്തിലെന്ന് ഇന്ത്യൻ യുവതി

ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് മതംമാറി പാകിസ്ഥാനിയെ വിവാഹം കഴിച്ച യുവതിക്ക് പാകിസ്ഥാനിൽ വലിയ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം നവംബറിൽ സിഖ് തീർഥാടക സംഘത്തോടൊപ്പം പാക്കിസ്ഥാനിലെത്തിയ സരബ്ജീത് കൗറിനാണ് പാകിസ്ഥാനിൽ ദുരിത ജീവിതം നയിക്കേണ്ടി വരുന്നത്. ഇന്ത്യയിലേക്ക് മടങ്ങണമെന്നാണ് തന്റെ ആ​ഗ്രഹമെന്ന് ഇവർ ഇന്ത്യയിലുള്ള ഭർത്താവിനോട് വെളിപ്പെടുത്തി. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ഓഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. 

പാക്കിസ്ഥാനിലെ ഇപ്പോഴത്തെ ജീവിതം തനിക്ക് അത്യന്തം വിഷമകരമാണെന്ന് സരബ്ജീത് പറയുന്നു. അവിടെ തനിക്ക് സന്തോഷമില്ലെന്നും, വലിയ തെറ്റാണ് സംഭവിച്ചതെന്നും അവൾ തുറന്നു സമ്മതിക്കുന്നു. മക്കളുടെ അടുത്തേക്ക് തിരികെ പോകണമെന്നും, അവരോടൊപ്പം ഇന്ത്യയിൽ ജീവിക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്ന് ഓഡിയോയിൽ യുവതി വ്യക്തമാക്കുന്നു. അടിസ്ഥാന ആവശ്യങ്ങൾ പോലും ലഭിക്കുന്നില്ലെന്നും, നിരന്തരം അപമാനവും ഉപദ്രവവും നേരിടുന്നുവെന്നും യുവതി പറയുന്നു.

സരബ്ജീത്തിന്റെ വാക്കുകൾ കേട്ട ഭർത്താവ് അവരെ ധൈര്യപ്പെടുത്തുകയും, ഇന്ത്യയിലേക്ക് മടങ്ങാനുള്ള മാർഗങ്ങൾക്കായി നങ്കാന സാഹിബ് ഗുരുദ്വാരയിലെ അധികൃതരെ സമീപിക്കണമെന്ന് നിർദേശിക്കുകയും ചെയ്യുന്നുണ്ട്.

ഗുരുനാനാക്ക് ദേവ് ജിയുടെ പ്രകാശ് ഗുരുപുരാബ് ആഘോഷങ്ങളുടെ ഭാഗമായി നങ്കാന സാഹിബ് ഉൾപ്പെടെയുള്ള ഗുരുദ്വാരകൾ സന്ദർശിക്കാൻ 2023 നവംബർ 4നാണ് സരബ്ജീത് കൗർ തീർഥാടക സംഘത്തോടൊപ്പം പാക്കിസ്ഥാനിലേക്ക് പോയത്. നവംബർ 13ന് മറ്റ് തീർഥാടകർ ഇന്ത്യയിലേക്ക് മടങ്ങിയെങ്കിലും സരബ്ജീത് സംഘത്തിൽ നിന്ന് അപ്രത്യക്ഷയായി.

തുടർന്ന്, ഇസ്‌ലാം മതം സ്വീകരിച്ച് ‘നൂർ ഹുസൈൻ’ എന്ന പേര് സ്വീകരിച്ചുവെന്നും, ഷെയ്ഖ്പുര ജില്ലയിൽ താമസിക്കുന്ന നാസിർ ഹുസൈൻ എന്ന പാക്കിസ്ഥാനിയെ വിവാഹം കഴിച്ചുവെന്നുമുള്ള വീഡിയോകളും വാർത്തകളും പാക്കിസ്ഥാനിൽ നിന്ന് പുറത്തുവന്നു.

ഈ മാസം ആറിന് സരബ്ജീത് കൗറിനെ വാഗാ അതിർത്തി വഴി ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും, അവസാന ഘട്ടത്തിൽ യാതൊരു ഔദ്യോഗിക വിശദീകരണമുമില്ലാതെ അത് റദ്ദാക്കി. രേഖകളുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങളാണ് കാരണം എന്നായിരുന്നു പാക്ക് മാധ്യമങ്ങളുടെ വിശദീകരണം. തീർഥാടന വീസയുടെ കാലാവധി കഴിഞ്ഞതിനാൽ സരബ്ജീത് കൗറിന്റെ പാക്കിസ്ഥാനിലെ താമസം നിയമവിരുദ്ധമാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.

പുതിയ ഓഡിയോ സന്ദേശം പുറത്തുവന്നതോടെ വിഷയത്തിൽ വീണ്ടും ചർച്ച ശക്തമായിരിക്കുമ്പോഴും, സരബ്ജീത് കൗറിന്റെ ഭാവിയെക്കുറിച്ചോ നാടുകടത്തൽ നടപടികളെക്കുറിച്ചോ പാക്കിസ്ഥാൻ അധികൃതർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img