
അമേരിക്കയിൽ ഇന്ത്യക്കാരനായ യുവാവിനെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീനെയാണ് (32) പൊലീസ് കൊലപ്പെടുത്തിയത്. ഒപ്പം താമസിച്ചിരുന്നയാളെ കത്തികൊണ്ട് കുത്തിയതിനെ തുടർന്നാണ് മുഹമ്മദ് നിസാമുദ്ദീന്‍ നേരേ പൊലീസ് നിറയൊഴിച്ചത്. അമേരിക്കയിലുള്ള സുഹൃത്ത് നിസാമുദ്ദീന്റെ കുടുംബത്തെ കഴിഞ്ഞ ദിവസമാണ് ഇക്കാര്യം അറിയിച്ചത്.
സാന്താക്ലാരയിലെ താമസസ്ഥലത്ത് ഒപ്പം താമസിക്കുന്നയാളെ മുഹമ്മദ് നിസാമുദ്ദീൻ കത്തികൊണ്ട് കുത്തിയെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസെത്തിയത്. കുത്തേറ്റയാൾക്ക് ഗുരുതരമായ പരുക്കുകളുണ്ടായിരുന്നു. ഇതേതുടർന്ന് മുഹമ്മദ് നിസാമുദ്ദീനെ വെടിവച്ചെന്നും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. നാലു തവണ പൊലീസ് നിസാമുദ്ദീനെ വെടിവച്ചു. പ്രതിയെ പൊലീസ് പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരണം സ്ഥിരീകരിച്ചു. പരുക്കേറ്റയാളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോൾ ചികിത്സയിലാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ കാര്യങ്ങൾ പിന്നീട് പറയുമെന്നും പൊലീസ് അറിയിച്ചു.
കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ നിസാമുദ്ദീൻ കാലിഫോർണിയയിലെ സാന്താ ക്ലാരയിലെ ഒരു ടെക് സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. വംശീയപരമായ ഉപദ്രവങ്ങൾ, ജോലിയിൽ നിന്ന് അന്യായമായി പിരിച്ചുവിടൽ എന്നിവയെക്കുറിച്ച് നിസാമുദ്ദീൻ പരാതിപ്പെട്ടിരുന്നതായി കുടുംബം പറഞ്ഞു. സാന്താക്ലാരയിലെ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം കുടുംബം അഭ്യർഥിച്ചു.











