06:04pm 18 April 2026
NEWS
ഇന്ത്യൻ സൂപ്പർ ലീഗിലെ അനിശ്ചിതത്വം പരിഹരിച്ചില്ലെങ്കിൽ അടച്ചുപൂട്ടുമെന്ന മുന്നറിയിപ്പുമായി ക്ലബ്ബുകൾ
18/08/2025  10:24 AM IST
nila
ഇന്ത്യൻ സൂപ്പർ ലീഗിലെ അനിശ്ചിതത്വം പരിഹരിച്ചില്ലെങ്കിൽ അടച്ചുപൂട്ടുമെന്ന മുന്നറിയിപ്പുമായി ക്ലബ്ബുകൾ
HIGHLIGHTS

കേരള ബ്ലാസ്റ്റേഴ്‌സ്, ബെംഗളൂരു എഫ്‌സി, ഹൈദരാബാദ് എഫ്‌സി, ഒഡിഷ എഫ്‌സി, ചെന്നൈയിൻ എഫ്‌സി, ജംഷേദ്പുർ എഫ്‌സി, മുംബൈ സിറ്റി, മുഹമ്മദൻ സ്പോർട്ടിങ്, എഫ്‌സി ഗോവ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, പഞ്ചാബ് എഫ്‌സി എന്നീ ടീമുകളാണ് കത്തിൽ ഒപ്പിട്ടത്. 

ഐഎസ്എൽ സംഘാടകരും ഫെഡറേഷനും തമ്മിലുള്ള മാസ്റ്റർ കരാർ പുതുക്കരുതെന്ന സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്ന് പ്രതിസന്ധിയിലായ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന് കൂടുതൽ സമ്മർദ്ദവുമായി ക്ലബ്ബുകൾ. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ അനിശ്ചിതത്വത്തിന് പരിഹാരം കാണുന്നില്ലെങ്കിൽ ക്ലബ്ബുകൾ അടച്ചുപൂട്ടുമെന്നാണ് മുന്നറിയിപ്പ്. ലീഗിൽ കളിക്കുന്ന 11 ക്ലബ്ബുകളാണ് ഇക്കാര്യം വ്യക്തമാക്കി  അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേക്ക് കത്തയച്ചത്. 

കേരള ബ്ലാസ്റ്റേഴ്‌സ്, ബെംഗളൂരു എഫ്‌സി, ഹൈദരാബാദ് എഫ്‌സി, ഒഡിഷ എഫ്‌സി, ചെന്നൈയിൻ എഫ്‌സി, ജംഷേദ്പുർ എഫ്‌സി, മുംബൈ സിറ്റി, മുഹമ്മദൻ സ്പോർട്ടിങ്, എഫ്‌സി ഗോവ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, പഞ്ചാബ് എഫ്‌സി എന്നീ ടീമുകളാണ് കത്തിൽ ഒപ്പിട്ടത്. ലീഗിൽ കളിക്കുന്ന ക്ലബ്ബുകളിൽ മോഹൻബഗാനും ഈസ്റ്റ് ബംഗാളും മാത്രമാണ് കത്തിൽ ഒപ്പിടാതെ മാറിനിന്നത്. ക്ലബ്ബുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈവർഷം അത് പരിഹരിക്കാൻ കഴിയില്ലെന്നും ക്ലബ്ബുകൾ വ്യക്തമാക്കുന്നുണ്ട്. ക്ലബ്ബുകളുടെ വരുമാനം നിലച്ചെന്നും സ്പോൺസർമാരെ കിട്ടാനില്ലാത്ത അവസ്ഥയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഐഎസ്എൽ നടന്നില്ലെങ്കിൽ രണ്ടായിരത്തിലേറെ ആളുകളുടെ ജോലിയെ നേരിട്ട് ബാധിക്കും. ഇതിൽ കളിക്കാർ, ക്ലബ്ബ് ജീവനക്കാർ, പരിശീലകർ, മെഡിക്കൽ ജീവനക്കാർ, ഗ്രൗണ്ട്‌സ്‌മാൻമാർ എന്നിവർ ഉൾപ്പെടുമെന്നും കത്തിൽ പറയുന്നു.

കരാർ പ്രതിസന്ധി സുപ്രീം കോടതിയെ അറിയിക്കുമെന്ന് നേരത്തെ ക്ലബ്ബുകളോട് വ്യക്തമാക്കിയിരുന്ന അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ നിലപാടിൽ നിന്ന് പിന്നാക്കം പോയിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച് ഇ മെയിൽ ക്ലബ്ബുകൾക്ക് ലഭിച്ചത്. ഇതോടെ കേസിലെ അമിക്കസ് ക്യൂറി ഗോപാൽ ശങ്കരനാരായണൻ വിഷയം കോടതിയെ ധരിപ്പിക്കും.

സൂപ്പർ ലീഗ് നടന്നിട്ടില്ലെങ്കിൽ ഇന്ത്യക്ക് ആഗോള ഫുട്‌ബോൾ സംഘടനയായ ഫിഫയുടെ വിലക്കുവരാനും സാധ്യതയുണ്ട്. ഓരോ അംഗരാജ്യത്തും അതത് കോൺഫെഡറേഷനുകൾ നിശ്ചയിച്ച അത്രയും മത്സരങ്ങൾ ലീഗുകളിൽ നടക്കണം. ഐഎസ്എൽ നടന്നില്ലെങ്കിൽ ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ നിശ്ചയിച്ച എണ്ണം തികയ്ക്കാനാകില്ല. ഇതോടെ വിലക്ക് വരാം. ഇക്കാര്യം ക്ലബ്ബുകൾ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഐഎസ്എൽ സംഘാടകരും ഫെഡറേഷനും തമ്മിലുള്ള മാസ്റ്റർ കരാറിന്റെ കാലാവധി അവസാനിക്കാറായതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കരാർ പുതുക്കരുതെന്ന സുപ്രീം കോടതി നിർദേശമുള്ളതിനാൽ ഫെഡറേഷൻ നിസ്സഹായതയിലാണ്. ഫെഡറേഷന്റെ പുതിയ ഭരണഘടന നടപ്പാക്കുന്നത് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഭരണഘടനയുടെ കാര്യത്തിൽ അന്തിമവിധി വരുന്നതുവരെ പ്രധാനകാര്യങ്ങളിൽ നടപടിയെടുക്കരുതെന്നാണ് സുപ്രീംകോടതി നിർദേശം.

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img