11:29am 13 November 2026
NEWS
പോളണ്ടിലെ ഇന്ത്യൻ സ്റ്റാർട്ടപ്പായ "മലയാളി " ബ്രാൻഡിന് ആഗോള അംഗീകാരം
17/09/2025  02:24 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പോളണ്ടിലെ ഇന്ത്യൻ സ്റ്റാർട്ടപ്പായ മലയാളി  ബ്രാൻഡിന് ആഗോള അംഗീകാരം
HIGHLIGHTS

"മലയാളി " ബിയർ ബ്രാൻഡിന് ലഭിച്ച അന്താരാഷ്ട്ര അംഗീകാരങ്ങളായ ഗോൾഡ്, വെങ്കലം മെഡലുകളുമായി പോളണ്ടിലെ സ്റ്റാർട്ടപ്പ് ഉടമകളും പാലക്കാട് സ്വദേശികളുമായ സർഗേവ് സുകുമാരനും ചന്ദ്രമോഹൻ നെല്ലൂരും.

 

കൊച്ചി: പാലക്കാട് സ്വദേശികളായ രണ്ട് യുവാക്കൾ ചേർന്ന് പോളണ്ടിൽ ആരംഭിച്ച പോളിഷ് -  ഇന്ത്യൻ സ്റ്റാർട്ടപ്പിലെ ബീയർ ബ്രാൻഡായ "മലയാളി " ആഗോള  അംഗീകാരങ്ങൾ നേടി രാജ്യത്തിനും നാടിനും  അഭിമാനമായി.

ലാഗര്‍ വിഭാഗത്തിൽ സ്വർണവും നോൺ ആൽക്കഹോളിക് ചെക്ക് സ്റ്റൈൽ ഇനത്തിൽ വെങ്കല മെഡലുമാണ് ബ്രാൻഡ് സ്വന്തമാക്കിയത്. യു കെയിലെ  നോർവിച്ചിൽ നടന്ന ചടങ്ങിൽ കമ്പനി പ്രമോട്ടർമാരായ ചന്ദ്രമോഹൻ നെല്ലൂരും സർഗേവ് സുകുമാരനും അവാർഡുകൾ സ്വീകരിച്ചു. ബിയർ ഉത്പാദന വിപണന മേഖലകളിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ലോകപ്രശസ്ത ബീയർ ബ്രാൻഡുകളെ പിന്തള്ളി കൊണ്ടാണ് വെറും മൂന്നു വയസ്സു മാത്രം പ്രായമുള്ള മലയാളിക്ക് ഈ നേട്ടം കൈവരിക്കാനായത് എന്നതും  അംഗീകാരത്തിൻറെ മാറ്റുകൂട്ടുന്നു.

 റഷ്യ - ഉക്രൈൻ സംഘർഷം മൂലം ഉണ്ടായ ലോജിസ്റ്റിക് പ്രതിസന്ധിയെ തുടർന്ന് സുഹൃത്തുക്കളായ ഇരുവരും കൂടി 2022 ൽ പോളണ്ടിൽ കമ്പനി രൂപീകരിക്കാനുണ്ടായ സാഹചര്യവും
ഏറെ കൗതുകം ഉണർത്തുന്ന സംഭവമാണ്.

മൂന്നുവർഷങ്ങൾകൊണ്ട് പോളണ്ടിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇന്ത്യൻ ബ്രാൻഡായി മാറിയ മലയാളി ഇപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ലാഗറുകളിൽ ഒന്നായിക്കൂടി വളർന്നു കഴിഞ്ഞു. ഇന്ത്യ ഉൾപ്പെടെ 21 രാജ്യങ്ങളിലെ വിപണികളിൽ ഈ മലയാളി പാനീയം ലഭ്യമാണ്. ഇന്ത്യൻ സംരംഭകത്വ മനോഭാവവും പോളിഷ് നിർമ്മാണ വൈദഗ്ധ്യവും സംയോജിപ്പിക്കുന്ന ബ്രാൻഡിന്റെ അതുല്യമായ വിജയഗാഥ ബീയർ പ്രേമികളെയും റസ്റ്റോറൻറ് നടത്തിപ്പുകാരെയും ഒരുപോലെ ആകർഷിക്കാൻ കഴിഞ്ഞെന്നും  വിദേശ മണ്ണിലും വിജയം കൈവരിച്ച് ലോക ശ്രദ്ധ നേടാനാകുമെന്നതിൻ്റെയും തെളിവ് കൂടിയയാണ് ഈ അന്താരാഷ്ട്ര ബഹുമതിയെ കാണുന്നതെന്നും ചന്ദ്രമോഹനും സർഗവും പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img