05:40pm 12 November 2026
NEWS
ദേശീയ തലത്തിൽ ബിജെപിയോടൊപ്പവും കേരളത്തിൽ സിപിഎമ്മിനോടൊപ്പവുമെന്ന പേരുദോഷം അവസാനിച്ചു; ജനതാദൾ(എസ്) ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിൽ ലയിച്ചു
17/01/2026  05:10 PM IST
nila
ദേശീയ തലത്തിൽ ബിജെപിയോടൊപ്പവും കേരളത്തിൽ സിപിഎമ്മിനോടൊപ്പവുമെന്ന പേരുദോഷം അവസാനിച്ചു; ജനതാദൾ(എസ്) ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിൽ ലയിച്ചു

കൊച്ചി: എൽഡിഎഫിലെ സഖ്യകക്ഷിയായിരുന്ന ജനതാദൾ (സെക്യുലർ) പുതിയ പേരിലും പുതിയ രാഷ്ട്രീയ നിലപാടിലും. കൊച്ചിയിൽ ചേർന്ന സമ്മേളനത്തിൽ ജനതാദൾ (സെക്യുലർ) ഔദ്യോഗികമായി ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിൽ ലയിച്ചു. ഇനി മുതൽ പാർട്ടി ‘ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ’ എന്ന പേരിലാണ് പ്രവർത്തിക്കുക. ഇതോടെ ദേശീയ തലത്തിൽ എൻഡിഎയോടും സംസ്ഥാനതലത്തിൽ എൽഡിഎഫിനോടുമുള്ള ഇരട്ട നിലപാടുകളെച്ചൊല്ലിയ അനിശ്ചിതത്വത്തിന് അന്ത്യം കുറിച്ചു.

ജെഡി(എസ്) എംഎൽഎമാരായ മാത്യു ടി. തോമസ്, മന്ത്രി കെ. കൃഷ്ണൻകുട്ടി, മുൻ എംഎൽഎ ജോസ് തെറ്റയിൽ തുടങ്ങിയ നേതാക്കൾ പുതിയ പാർട്ടിയിലേക്ക് ചേർന്നു. പുതിയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായി മാത്യു ടി. തോമസിനെ തിരഞ്ഞെടുത്തു. ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ, കേരളത്തിൽ എൽഡിഎഫിന്റെ ഭാഗമായി തന്നെ പ്രവർത്തിക്കുമെന്നും, മുൻപ് ജെഡി(എസ്) എൽഡിഎഫിനൊപ്പം സ്വീകരിച്ചിരുന്ന രാഷ്ട്രീയ നിലപാടുകൾ തുടരുമെന്നും നേതൃത്വം വ്യക്തമാക്കി.

2022 ഒക്ടോബർ 25ന് ബെംഗളൂരുവിൽ ചേർന്ന ജനതാദൾ (എസ്) ദേശീയ പ്ലീനറി സമ്മേളനത്തിലാണ് പാർട്ടിയുടെ വിഭജനത്തിലേക്ക് നയിച്ച സാഹചര്യം രൂപപ്പെട്ടത്. കോൺഗ്രസിനും ബിജെപിക്കും എതിരെ നിലകൊള്ളാനായിരുന്നു അന്നത്തെ തീരുമാനം. എന്നാൽ പിന്നീട് ദേശീയ നേതൃത്വം ബിജെപിയോടൊപ്പം ചേരാൻ തീരുമാനിച്ചതോടെയാണ് കേരള ഘടകം പ്രതിസന്ധിയിലായത്. ഇതിന്റെ തുടർച്ചയായാണ് സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെ പുതിയ പാർട്ടി രൂപീകരണത്തിലേക്ക് നീങ്ങിയത്.

ഇതിനു മുൻപ് രാവിലെ ചേർന്ന ജനതാദൾ (എസ്) സംസ്ഥാന കൗൺസിൽ യോഗം പ്രസിഡന്റ് മാത്യു ടി. തോമസിന്റെ അധ്യക്ഷതയിൽ നടന്നു. ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളുമായി ലയിക്കാനുള്ള പ്രമേയം മന്ത്രി കെ. കൃഷ്ണൻകുട്ടി അവതരിപ്പിക്കുകയും സംസ്ഥാന ജനറൽ സെക്രട്ടറി പി. പി. ദിവാകരൻ പിന്തുണയ്ക്കുകയും ചെയ്തു. ചർച്ചകൾക്ക് ശേഷം ഐകകണ്ഠ്യേന ലയനത്തിന് അംഗീകാരം നൽകുകയും പുതിയ പാർട്ടിയുടെ പതാക ഉയർത്തുകയും ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img