
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ട്രെയിൻ യാത്രാ ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കുന്നു. പുതുക്കിയ നിരക്കുകൾ ഡിസംബർ 26 മുതൽ നിലവിൽ വരും. ഈ നിരക്ക് മാറ്റത്തിലൂടെ ഏകദേശം 600 കോടി രൂപയുടെ അധിക വരുമാനം നേടാനാണ് റെയിൽവേയുടെ കണക്കുകൂട്ടൽ. സാധാരണ യാത്രക്കാരെ വലിയ തോതിൽ ബാധിക്കാത്ത രീതിയിലാണ് നിരക്ക് വർധന രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് റെയിൽവേ വ്യക്തമാക്കുന്നു. ചെറുദൂര യാത്രക്കാർക്ക് ആശ്വാസം നൽകുന്ന തരത്തിലാണ് മാറ്റങ്ങൾ.
പുതിയ നിരക്കുകൾ പ്രകാരം, ഓർഡിനറി ക്ലാസിൽ 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് കിലോമീറ്ററിന് ഒരു പൈസ വീതം അധികം ഈടാക്കും. മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലെ നോൺ-എസി, എസി ക്ലാസുകൾക്ക് കിലോമീറ്ററിന് രണ്ട് പൈസ വീതം വർധനവാണ് വരുത്തിയിരിക്കുന്നത്. എന്നാൽ 215 കിലോമീറ്ററിൽ താഴെ ദൂരം സഞ്ചരിക്കുന്ന യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ മാറ്റമില്ല.
ഇതനുസരിച്ച്, 500 കിലോമീറ്റർ ദൂരം യാത്ര ചെയ്യുന്ന നോൺ-എസി യാത്രക്കാർക്ക് ഏകദേശം 10 രൂപ അധികമായി നൽകേണ്ടിവരും. അതേസമയം, സബർബൻ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കും പ്രതിമാസ സീസൺ ടിക്കറ്റുകളുടെയും നിരക്കും വർധിപ്പിക്കാത്തത് സ്ഥിരം യാത്രക്കാർക്ക് വലിയ ആശ്വാസമായിട്ടുണ്ട്.
മൊത്തത്തിൽ, യാത്രക്കാരുടെ ഭാരം കുറച്ച് കൊണ്ടും വരുമാനം വർധിപ്പിക്കുകയുമുള്ള സമതുലിത സമീപനമാണ് റെയിൽവേയുടെ പുതിയ നിരക്ക് പരിഷ്‌ക്കാരം പ്രതിഫലിപ്പിക്കുന്നത്.
നിരക്ക് വർധനവ് ഇങ്ങനെ
-സബർബൻ ട്രെയിൻ, പ്രതിമാസ സീസൺ ടിക്കറ്റ് നിരക്ക്- മാറ്റമില്ല
-215 കിലോമീറ്റർ വരെ ഓർഡിനറി ക്ലാസ്- മാറ്റമില്ല
-215 കിലോമീറ്ററിൽ കൂടുതൽ ഓർഡിനറി ക്ലാസ്- കിലോമീറ്ററിന് 1 പൈസ
-മെയിൽ/എക്‌സ്പ്രസ് നോൺ എസി ക്ലാസ് -കിലോമീറ്ററിന് 2 പൈസ
-മെയിൽ/എക്‌സ്പ്രസ് എസി ക്ലാസ്- കിലോമീറ്ററിന് 2 പൈസ
-നോൺ എസി 500 കിലോമീറ്റർ യാത്ര- 10 രൂപ
അതേസമയം, ക്രിസ്മസിനും ന്യൂഇയറിനും പ്രത്യേക ട്രെയിനുകൾ അനുവദിച്ചു. എട്ട് സോണുകളിലായി 244 ട്രിപ്പുകൾ കൂടി ഉൾപ്പെടുത്തി പ്രത്യേക ട്രെയിനുകൾ സർവീസ് നടത്താൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിട്ടിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി, വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ അനുവദിച്ചേക്കും.











