
ട്രെയിനുകളുടെ വേഗക്കുറവ് മറികടക്കാൻ ഇന്ത്യൻ റയിൽവെ പുതിയ സാങ്കേതിക വിദ്യ നടപ്പാക്കാനൊരുങ്ങുന്നു. ടിൽടിങ് ട്രെയിനുകൾ അവതരിപ്പിക്കാനാണ് റയിൽവെയുൂടെ പദ്ധതി. ട്രാക്കിലെ വളവുകളിൽ വേഗം കുറയ്ക്കാതെ സഞ്ചരിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയാണിത്. കോച്ചുകളുടെ അടിഭാഗത്തുള്ള പ്രത്യേക ഹൈഡ്രോളിക് സംവിധാനമാണ് വളവുകളിലും വേഗം കുറയ്ക്കാതെ തന്നെ ഓടാൻ ട്രെയിനുകളെ സഹായിക്കുന്നത്.
പുതിയതായി നിർമിക്കുന്ന വന്ദേഭാരത് ട്രെയിനുകളിൽ ഈ സാങ്കേതികവിദ്യ നടപ്പാക്കുന്നുണ്ട്. വിദേശസഹകരണത്തോടെയാണ് ഈ സാങ്കേതിക വിദ്യ വന്ദേഭാരതിൽ നടപ്പാക്കുന്നത്. ഘട്ടങ്ങളായി മറ്റ് ട്രെയിനുകളിലും ടിൽടിങ് സാങ്കേതിക വിദ്യ കൊണ്ടുവരാനാണ് ആലോചന. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിക്കുന്ന പുതിയ ട്രെയിനുകളിൽ സാങ്കേതികവിദ്യ പരീക്ഷിക്കാനാണ് നീക്കം. ഇതിനായി ഹൈഡ്രോളിക് ടിൽടിങ് ബോഗികൾ ഉപയോഗിക്കേണ്ടിവരും.
അർധ -അതിവേഗ റെയിൽവേയ്ക്കായി പഠനം നടത്തിയ മുൻ റെയിൽവേ ചീഫ് എൻജിനീയർ അലോക് വർമയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ റിപ്പോർട്ടിൽ ടിൽടിങ് ട്രെയിനാണ് കേരളത്തിന് അനുയോജ്യമായ മാതൃകയെന്ന് വ്യക്തമാക്കിയിരുന്നു. ആറുമണിക്കൂർകൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസർകോട് എത്താനാകും.











