
അമേരിക്കയിലെ ഒഹായോ സംസ്ഥാനത്ത് സ്റ്റോപ് സിഗ്നൽ മറികടന്ന് അതിവേഗത്തിലെത്തിയ കാർ ഇടിച്ച് ഇന്ത്യൻ വംശജനായ വിദ്യാർഥി മരിച്ചു. ഒഹായോ സ്റ്റേറ്റ് സർവകലാശാലയിലെ 21-കാരനായ വിദ്യാർഥി സരോഷ് ഷേത്ത് ആണ് അപകടത്തിൽ മരിച്ചത്.
സർവകലാശാലാ ക്യാംപസിന് സമീപമുള്ള നോർത്ത് ഹൈ സ്ട്രീറ്റും ഈസ്റ്റ് 11-ാം അവന്യൂവും സംഗമിക്കുന്ന ജംക്ഷനിലാണ് അപകടം നടന്നത്. ചുവപ്പ് സിഗ്നൽ അവഗണിച്ച് എത്തിയ കാർ റോഡ് മുറിച്ചുകടക്കുകയായിരുന്ന മൂന്ന് കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ സരോഷ് ഷേത്തിനെ ഉടൻ തന്നെ ഒഹായോ സ്റ്റേറ്റ് വെക്സ്നർ മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ മറ്റ് രണ്ട് പേരും ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിന് കാരണമായ കാർ ഓടിച്ചിരുന്ന ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ മദ്യലഹരിയിലായിരുന്നോയെന്നടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.










