
തന്റെ ലൈംഗിക സ്വത്വത്തെ മാതാപിതാക്കൾ അംഗീകരിച്ചതിലെ സന്തോഷം പ്രകടിപ്പിച്ച് സ്വവർഗാനുരാഗിയായ യുവതി. കാനഡയിൽ താമസിക്കുന്ന സുഭിക്ഷ സുബ്രഹ്മണി എന്ന യുവതിയാണ് തന്റെ മാതാപിതാക്കൾ എങ്ങനെയാണ് തന്നെ അംഗീകരിക്കുന്നത് എന്ന് വ്യക്തമാക്കിയിരിക്കുന്നത്. 'നിങ്ങൾ ക്വിയർ ആണെങ്കിൽ, പൂജാരി ഇതിനെ കുറിച്ച് നിങ്ങളോട് ചോദിക്കുമ്പോൾ നിങ്ങൾ എങ്ങനെ പ്രതികരിക്കും?' എന്ന ക്യാപ്ഷനോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച റീലിലാണ് യുവതി ഇക്കാര്യം വിശദീകരിക്കുന്നത്.
കാനഡയിലെ സുഭിക്ഷയുടെ വീട്ടിൽ നടന്ന ഗൃഹപ്രവേശന ചടങ്ങിന്റെ ഭാഗമായുള്ള പൂജയ്ക്കിടെ നടന്ന സംഭവമാണ് അവർ പങ്കുവെച്ചത്. പൂജയ്ക്കായി ഇന്ത്യയിൽ നിന്നെത്തിയ പൂജാരി തന്റെ ഭർത്താവിനെ കുറിച്ച് ചോദിച്ചപ്പോഴാണ് മാതാപിതാക്കൾ തങ്ങളുടെ മകൾ സ്വവർഗ വിവാഹമാണ് ചെയ്തതെന്ന് പൂജാരിയോട് പറഞ്ഞത്. അത് ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നെന്നും മാതാപിതാക്കൾ തങ്ങളെ അംഗീകരിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും വീഡിയോയിൽ സുഭിക്ഷ പറയുന്നു.
പൂജയ്ക്ക് മുമ്പാണ് പൂജാരി സുഭിക്ഷയോട് കാര്യങ്ങൾ അന്വേഷിച്ചത്. 'വിവാഹിതയാണോ എന്നും ഭർത്താവ് എവിടെയാണെന്നും അദ്ദേഹം എന്നോട് ചോദിച്ചു. ഇതിന് മറുപടി നൽകിയത് എന്റെ മാതാപിതാക്കളാണ്. യാതൊരു മടിയുടെ കൂടാതെ അഭിമാനത്തോടെ അവർ മറുപടി പറഞ്ഞു. 'ഞങ്ങളുടെ മകൾ ടിന എന്ന പെൺകുട്ടിയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്' എന്നായിരുന്നു ആ മറുപടി. എനിക്ക് അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്.' വീഡിയോയിൽ സുഭിക്ഷ പറയുന്നു.
എട്ട് ലക്ഷത്തോളം പേരാണ് ഇൻസ്റ്റഗ്രാമിൽ സുഭിക്ഷ പങ്കുവെച്ച ഈ വീഡിയോ കണ്ടത്. 27,000-ൽ അധികം ലൈക്കും ലഭിച്ചു. വൈകാരികമായ ഒട്ടേറെ കമന്റുകളും ഇതിന് താഴെയുണ്ട്.











