
ഇന്ത്യൻ ഓയിൽ, വെഞ്ചർ സെന്റർ, സിഎസ്ഐആർ–നാഷണൽ കെമിക്കൽ ലബോറട്ടറി എന്നിവയുടെ സഹകരണത്തോടെ ഇന്ത്യയുടെ ഊർജ നവീകരണ ആക്സിലറേറ്ററായ എംസി²+ ഇഗ്നൈറ്റിന്റെ പൂനെ മേഖലാ പരിപാടി സംഘടിപ്പിച്ചു. എംസി² ഫൗണ്ടേഷന്റെ നേതൃത്വത്തിലും പെട്രോളിയം–പ്രകൃതി വാതക മന്ത്രാലയത്തിന്റെ മാർഗനിർദേശത്തിലും നടന്ന പരിപാടിയിൽ ഊർജമേഖലയിലെ പ്രമുഖ സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, സാങ്കേതിക സംരംഭകർ, ശാസ്ത്രജ്ഞർ എന്നിവർ പങ്കെടുത്തു.
മുഖ്യപ്രഭാഷണം നടത്തിയ പത്മവിഭൂഷൺ ഡോ. ആർ. എ. മഷേൽക്കർ, രാജ്യത്തെ ഊർജസ്ഥാപനങ്ങൾ തങ്ങളുടെ സാങ്കേതിക സൗകര്യങ്ങളും മൂലധനവും മാർഗനിർദേശവും സംരംഭകർക്കായി പങ്കിടുന്നത് ഊർജ നവീകരണത്തിന് കരുത്തേകുമെന്ന് പറഞ്ഞു. ഇന്ത്യൻ ഓയിൽ ചെയർമാൻ എ. എസ്. സാഹ്നി ഊർജമേഖലയിലേക്ക് കൂടുതൽ സ്റ്റാർട്ടപ്പ് നിക്ഷേപവും സാങ്കേതികവിദ്യകളും എത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. ഹൈഡ്രജൻ, ഗതാഗതമേഖലകളിൽ സിഎസ്ഐആർ–എൻസിഎല്ലുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എംസി²+ ഇഗ്നൈറ്റ് ഏഴ് ഊർജ കൈമാറ്റ മേഖലകളിൽനിന്ന് 30 വരെ ഡീപ്-ടെക് സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെടുന്ന സംരംഭങ്ങൾക്ക് 50 ലക്ഷം രൂപ വരെ പരിവർത്തന ഫണ്ടിങ്ങും മികച്ച സംരംഭങ്ങൾക്ക് ഡെമോ ഡേയിൽ അധികമായി 1.5 കോടി രൂപ വരെയും ലഭിക്കും. ഐഐടി മദ്രാസിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പരിപാടിയുടെ ഭാഗമായി എംസി² ഫൗണ്ടേഷനും വെഞ്ചർ സെന്ററും ധാരണാപത്രം കൈമാറി.
Photo Courtesy - Google










