
ന്യൂഡൽഹി: രാജ്യത്ത് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കൂടിയേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കൂട്ടേണ്ട സാഹചര്യമാണെന്നു ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) വിതരണക്കാർക്ക് മുന്നറിയിപ്പ് നൽകി. പാചകവാതക പ്രതിസന്ധി ശക്തമാകുന്നതിനിടെയാണ് ഐഒസിയുടെ ഇത്തരമൊരു നീക്കം എന്നതും ശ്രദ്ധേയമാണ്. ക്രൂഡ് ഓയിൽ വില ഉയരുന്നതും രൂപയുടെ മൂല്യം ഇടിയുന്നതുമാണ് വിലവർധനയ്ക്ക് പ്രധാന കാരണങ്ങളായി ഐഒസി ചൂണ്ടിക്കാണിക്കുന്നത്.
ഐഒസി കൺട്രി ഹെഡ് ബി.ബി. പാത്ര വിതരണക്കാർക്ക് അയച്ച കത്തിലാണ് ഏത് നിമിഷവും വിലവർധന പ്രാബല്യത്തിൽ വരുത്തേണ്ടിവരുമെന്ന് വ്യക്തമാക്കുന്നത്. എത്ര രൂപ വർധിപ്പിക്കുമെന്ന് സംബന്ധിച്ച വിശദാംശങ്ങൾ സെയിൽസ് ടീം പിന്നീട് അറിയിക്കുമെന്നും കത്തിൽ പറയുന്നു. ഇന്നലെയാണ് വിതരണക്കാർക്ക് കത്ത് അയച്ചത്.
ഇതിനിടെ പാചകവാതക ക്ഷാമം രൂക്ഷമായതിനെ തുടർന്ന് വാണിജ്യ സിലിണ്ടറുകളുടെ വിതരണം ചില സ്ഥലങ്ങളിൽ താൽക്കാലികമായി നിർത്തിയതായും കമ്പനി അറിയിച്ചു. ബെംഗളൂരുവിലെ ഹോട്ടലുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും വിതരണം നിർത്തിവെച്ചതായി ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ചെന്നൈ ഡിവിഷൻ അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കൾ മറ്റു മാർഗങ്ങൾ തേടണമെന്നുമാണ് നിർദേശം.
ഇതിനൊപ്പം ഭാരത് പെട്രോളിയവും എച്ച്പിയും വിതരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിസന്ധി രൂക്ഷമായതോടെ ബെംഗളൂരു നഗരത്തിലെ ഏകദേശം 35,000 ഹോട്ടലുകൾ പ്രതിസന്ധിയിലായി. നഗരത്തിൽ മാസത്തിൽ ഏകദേശം മൂന്ന് ലക്ഷം സിലിണ്ടറുകൾ ആവശ്യമാണ്. ദിവസേന 22,000 സിലിണ്ടറുകളാണ് ആവശ്യമായത്. എന്നാൽ നിലവിൽ വിതരണം നടക്കുന്നത് ഏകദേശം 11,000 സിലിണ്ടറുകൾ മാത്രമാണ്.
സ്റ്റോക്ക് പൂർണമായി തീർന്നാൽ ഹോട്ടലുകൾ അടച്ചിടേണ്ട സാഹചര്യമുണ്ടാകുമെന്ന് ഹോട്ടൽ ഉടമകൾ മുന്നറിയിപ്പ് നൽകി. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിയെ കാണാൻ തീരുമാനിച്ചിട്ടുണ്ട്.











