വിലക്കയറ്റം സാധാരണക്കാരന്റെ ജീവിതം ദുസഹമാക്കുമ്പോൾ ഇന്ത്യയിലെ എണ്ണക്കമ്പനികൾ കൊയ്യുന്നത് വൻ ലാഭം. ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ എണ്ണക്കമ്പനികൾക്ക് ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ 15 രൂപയാണ് ലാഭമായി ലഭിക്കുന്നത്. ഒരു ലിറ്റർ ഡീസൽ വിൽക്കുമ്പോഴാകട്ടെ 12 രൂപയും ലാഭം കിട്ടുന്നു. റേറ്റിങ്, ഗവേഷണ ഏജൻസിയായ ഇക്ര പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ വർഷം സെപ്റ്റംബർ 17 വരെയുള്ള കണക്കാണ് ഇക്ര പുറത്തുവിട്ടിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വിലയിൽ വർധനവുണ്ടാകുമ്പോൾ വില വർധിപ്പിക്കാൻ ഒട്ടും അമാന്തം കാണിക്കാത്ത എണ്ണക്കമ്പനികൾ ക്രൂഡോയിൽ വില കുറയുമ്പോൾ അതിനനസുരിച്ച് രാജ്യത്തെ ഇന്ധനവില കുറയ്ക്കാൻ തയ്യാറാകുന്നില്ല എന്നത് റിപ്പോർട്ടിൽ വ്യക്തമാണ്.
ഈ വർഷം മാർച്ച് 14നാണ് രാജ്യത്ത് അവസാനമായി പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടായത്. ലിറ്ററിന് രണ്ടുരൂപ വീതമാണ് അന്ന് കുറച്ചത്. അന്ന് രാജ്യാന്തര ക്രൂഡോയിൽ (ഡബ്ല്യുടിഐ ക്രൂഡ്) വില ബാരലിന് 80.14 ഡോളർ ആയിരുന്നെങ്കിൽ 69.96 ഡോളറായിരുന്നു സെപ്റ്റംബർ 17ന് വില. ഇന്നത്തെ വില 68.24 ഡോളറും. ഏതാനും വർഷമായി പെട്രോൾ വില ലിറ്ററിന് 100 രൂപയ്ക്കുമേൽ തുടരുകയാണ്. ഡീസലിന് 95 രൂപയ്ക്ക് മുകളിലും. പെട്രോളിന് 107.56 രൂപയും ഡീസലിന് 96.43 രൂപയുമാണ് തിരുവനന്തപുരത്ത് വില. ഇന്ധനവില ഉയർന്നുനിൽക്കുന്നത് അവശ്യവസ്തുക്കളുടെ വില കൂടാനും ഗതാഗതച്ചെലവ് വർധിക്കാനും ഇടവരുത്തുന്നു. സാധാരണക്കാരാണ് ഇതുവഴി കൂടുതൽ പ്രതിസന്ധി നേരിടുന്നതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
മൂന്ന് പൊതുമേഖലാ എണ്ണവിതരണ കമ്പനികളുടെയും കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2023-24) സംയോജിത ലാഭം 82,300 കോടി രൂപയാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. തൊട്ടുമുൻവർഷത്തേക്കാൾ 25 മടങ്ങ് അധികമാണ് ഈ തുക. എച്ച്പിസിഎൽ 16,014 കോടി രൂപയും ബിപിസിഎൽ 26,676 കോടി രൂപയുമാണ് ലാഭം നേടിയത്. 39,618 കോടി രൂപയാണ് ഇന്ത്യൻ ഓയിൽ രേഖപ്പെടുത്തിയ ലാഭം. രാജ്യത്തെ ഇന്ധന വിൽപനയുടെ 90% വിഹിതവും ഈ മൂന്ന് കമ്പനികളുടെ കൈവശമാണ്.
അതേസമയം, നീണ്ടകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ കളമൊരുങ്ങിയിട്ടുണ്ട്. കേന്ദ്രം ഭരിക്കുന്ന എൻഡിഎയ്ക്കും മുഖ്യകക്ഷിയായ ബിജെപിക്കും ഏറെ നിർണായകമായ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നു എന്നതാണ് ഇതിനുള്ള സാധ്യത വർധിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് മുമ്പായി ഇന്ധന വിലകുറച്ചുകൊണ്ടുള്ള പ്രഖ്യാപനമുണ്ടായേക്കാം. എന്നാൽ, അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്.