
കൊച്ചി: ഇന്ത്യൻ മഹാസമുദ്രത്തിൽ അമേരിക്കൻ അന്തർവാഹിനി ആക്രമണത്തിൽ ഇറാനിയൻ യുദ്ധക്കപ്പൽ മുങ്ങിയതിനെക്കുറിച്ച് പ്രതികരണവുമായി ഇന്ത്യൻ നാവികസേന. കപ്പൽ മുങ്ങിയ വിവരം മാർച്ച് 4 ന് തന്നെ നാവിക സേന അറിഞ്ഞിരുന്നതായി വ്യക്തമാക്കുന്നതാണ് പ്രതികരണം. അതേസമയം കഴിഞ്ഞ മാസം നടന്ന മിലാൻ നാവിക അഭ്യാസത്തിൽ ഇറാൻ കപ്പൽ പങ്കെടുത്തതിനെക്കുറിച്ച് പരാമർശമില്ല.
ഇറാനിയൻ യുദ്ധക്കപ്പൽ ഐ.ആർ.ഐ.എസ് ദേനയിൽ നിന്ന് സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള സന്ദേശം കൊളംബോയിലെ മാരിടൈം റെസ്ക്യുസെൻ്ററിൽ മാർച്ച് 4 ന് ലഭിച്ചിരുന്നതായി ഇതാദ്യമായി നാവികസേന സ്ഥിരീകരിച്ചു. ശ്രീലങ്കൻ നാവികസേനയുടെ പരിധിയിൽപ്പെട്ട ഭാഗത്ത് ഗാലി തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് ഭാഗത്താണ് അമേരിക്കൻ അക്രമണത്തിൽ ഇറാൻ്റെ കപ്പൽ മുങ്ങിയതെന്നും നാവികസേന സ്ഥിരീകരിച്ചു. സഹായഅഭ്യർത്ഥന ലഭിച്ചയുടൻ രക്ഷാപ്രവർത്തനങ്ങളിൽ ഇന്ത്യൻ നാവികസേന പങ്കാളികളായി. നാവിക സേനയുടെ നിരീക്ഷണ എയർക്രാഫ്റ്റ് മാർച്ച് 4 ന് രാവിലെ തന്നെ ഗാലി തീരത്ത് നിരീക്ഷണ പറക്കൽ നടത്തി. ആവശ്യമെങ്കിൽ പുറപ്പെടാനായി ജീവൻരക്ഷാ ഉപകരണങ്ങളുമായി മറ്റൊരു എയർക്രാഫ്റ്റും സജ്ജമാക്കി. സമുദ്രമേഖലയിൽ ഉണ്ടായിരുന്ന ഐ.എൻ.എസ് തരംഗിണി എന്ന നാവികസേനയുടെ കപ്പൽ ശ്രീലങ്കൻ നാവികസേനയുടെ സെർച്ച് ആൻഡ് റെസ്ക്യുവിൻ്റെ (എസ്.എ.ആർ) ഭാഗമായി. കൊച്ചിയിലെ സതേൺ നേവൽ കമാൻഡിൽ നിന്ന് ഐ.എൻ.എസ് ഇക്ഷക് എന്ന കപ്പലും രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടു. ശ്രീലങ്കൻ നാവികസേനയുമായി ബന്ധപ്പെട്ട് ഇപ്പോഴും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്ന് ഇന്ത്യൻ നാവികസേനാ വക്താവ് അറിയിച്ചു.
Photo Courtesy - Google








