
പായ്‌വഞ്ചിയിൽ ലോകം ചുറ്റി ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ തങ്ങളുടെ സഞ്ചാരം പൂർത്തിയാക്കുന്നു. നാവികസേനയിലെ ലഫ്റ്റനെന്‌റ് കമാൻഡർമാരായ ദിൽനയും രൂപയും ഇന്ന് മടങ്ങിയെത്തും. എട്ടു മാസം കൊണ്ട് ഇരുപത്തി അയ്യാരിരം നോട്ടിക്കൽ മൈൽ സമുദ്രത്തിലൂടെ സഞ്ചരിച്ചെത്തുന്ന വനിതാ നാവികരെ ഗോവയിൽ സ്വീകരിക്കുവാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എത്തും.
ലെഫ്. കമാൻഡറായ കോഴിക്കോട്ടുകാരി കെ. ദിൽനയും കൂട്ടുകാരിയായ തമിഴ്‌നാട്ടുകാരി ലെഫ്. കമാൻഡർ എ. രൂപയും സമുദ്ര സഞ്ചാരത്തിൽ പുതിയൊരു ചരിത്രം രചിച്ചാണ് ഇന്ന് ഇന്ത്യൻ തീരമണയുന്നത്. 2024 ഒക്ടോബർ രണ്ടിനാണ് ഇരുവരും ഗോവയിൽനിന്ന് പായ്‌വഞ്ചിയിൽ യാത്രതിരിച്ചത്. ഗോവയിലെ നാവികത്താവളമായ ഐഎൻസ് മണ്ഡോവിയിൽനിന്നായിരുന്നു ഇരുവരും സമുദ്രസഞ്ചാരം തുടങ്ങിയത്.
ഗോവയിൽനിന്ന് വിശാഖപട്ടണത്തേക്കും ഗോവയിൽനിന്ന് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലേക്കും അവിടെനിന്ന് ബ്രസീലിലെ റിയോ ഡി ജനൈറോയിലേക്കുമായിരുന്നു യാത്ര. എട്ടുമാസം നീണ്ട യാത്രയിൽ നാലുതുറമുഖങ്ങളിൽ മാത്രമാണ് പായ്വഞ്ചി അടുപ്പിച്ചത്. ഓസ്ട്രേലിയയും ന്യൂസീലൻഡുമെല്ലാം വൻ സ്വീകരണമാണ് ഈ യുവതികൾക്ക് ലഭിച്ചത്.
നാവിക സാഗർ പരിക്രമ രണ്ട് എന്ന പേരിലായിരുന്നു ദൗത്യം. ഐഎൻഎസ് വി തരിണി ആണ് സാരഥി. പായ്ക്കപ്പലിൽ ഏകാംഗ സമുദ്രപരിക്രമണം പൂർത്തിയാക്കിയ ഗോൾഡൻ ഗ്ലോബ് റേസ് വിജയി കമാൻഡർ അഭിലാഷ് ടോമിയാണ് ദിൽനയുടെയും രൂപയുടെയും പ്രധാന പരിശീലകൻ. വനിതാ നാവികസേനാംഗങ്ങളുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ പര്യടനമാണിത്. കെടുങ്കാറ്റുകൾ അടക്കം കാലാവസ്ഥാ വെല്ലുവിളികളെ അതീജിവിച്ചായിരുന്നു സാഹസിക യാത്ര. കെടുതണുപ്പും പലപ്പോഴും വില്ലനായി. 2017ൽ നടന്ന ആദ്യത്തെ നാവിക സാഗർ പരിക്രമയിൽ ആറംഗ വനിതാസംഘം പായ്ക്കപ്പലിൽ ലോകം ചുറ്റിയെത്തിയിരുന്നു.











