
അലാസ്ക: വിമാനത്തവളത്തിൽ സുരക്ഷാ പരിശോധനയുടെ പേരിൽ അപമാനിക്കപ്പെട്ടു എന്ന് വെളിപ്പെടുത്തി ഇന്ത്യൻ സംരംഭകയായ യുവതി. ഇന്ത്യ ആക്ഷൻ പ്രോജക്ട്, ചായിപാനി എന്നിവയുടെ സ്ഥാപകയായ ശ്രുതി ചതുർവേദിയാണ് സുരക്ഷാ പരിശോധനയുടെ പേരിൽ താൻ അനുഭവിച്ച അപമാനത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്. അമേരിക്കയിലെ അലാസ്കയിലുള്ള അങ്കറേജ് വിമാനത്താവളത്തിൽ തന്നെ എട്ട് മണിക്കൂർ തടഞ്ഞുവെച്ചെന്നും യുവതി എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. ലഗേജിൽ പവർ ബാങ്ക് കണ്ടെത്തിയതിനെ തുടർന്നായിരുന്നു പൊലീസും എഫ്ബിഐ ഉദ്യോഗസ്ഥരും ചേർന്ന് ശരീരപരിശോധന ഉൾപ്പെടെ നടത്തിയതെന്നും യുവതി പറയുന്നു.
‘‘ പുരുഷ ഉദ്യോഗസ്ഥൻ ദേഹപരിശോധന നടത്തുകയും അത് കാമറയിൽ ചിത്രീകരിക്കുകയും ചെയ്തു. തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടു. പൊലീസ്, എഫ്ബിഐ എന്നിവർ ചോദ്യം ചെയ്തു. ഒരു ഫോൺ കോൾ പോലും അനുവദിച്ചില്ല. ഹാൻഡ്ബാഗിൽ പവർ ബാങ്ക് "സംശയാസ്പദമായ" വസ്തുവായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇതെല്ലാം.
ശുചിമുറി ഉപയോഗിക്കാനുള്ള അനുമതി നിഷേധിച്ചു. വിമാനയാത്രയും നടത്താൻ സാധിച്ചില്ല. സങ്കൽപ്പിക്കാൻ സാധിക്കാത്ത ഏറ്റവും മോശമായ ഏഴു മണിക്കൂറിലൂടെയാണ് താൻ കടന്നുപോയത്’’– ശ്രുതി സമൂഹമാധ്യമത്തിൽ വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയത്തെ ടാഗ് ചെയ്തുകൊണ്ടാണ് ശ്രുതി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.











