05:00am 12 November 2026
NEWS
സഹകരണത്തിനും നവീകരണത്തിനും പുതിയ പാത തുറന്ന് ഇന്ത്യൻ എൻജിനീയേഴ്സ് ക്ലബ്
14/12/2025  06:56 AM IST
nila
സഹകരണത്തിനും നവീകരണത്തിനും പുതിയ പാത തുറന്ന് ഇന്ത്യൻ എൻജിനീയേഴ്സ് ക്ലബ്

ദോഹ: ദോഹ: ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (ഐബിപിസി) ഖത്തറിന്റെ നേതൃത്വത്തിൽ ഇന്ത്യൻ എൻജിനീയേഴ്സ് ക്ലബ് ഔദ്യോഗികമായി ആരംഭിച്ചു. ഡിസംബർ 7-ന് ദോഹയിലെ ഐബിസ് ഹോട്ടലിൽ നടന്ന ഉദ്ഘാടന ചടങ്ങ് ഖത്തറിലെ ഇന്ത്യൻ എൻജിനീയർമാർക്ക് സഹകരണം, നെറ്റ്‌വർക്കിംഗ്, നവീകരണം എന്നിവയ്ക്ക് ശക്തമായ വേദിയാകുമെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ അംബാസഡർ വിപുൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എൻജിനീയറിംഗ് സമൂഹത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ ഇത്തരം കൂട്ടായ്മകളുടെ പ്രാധാന്യം അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.ചടങ്ങിൽ മുൻ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി കൂടിയായ ഖത്തറിലെ മുൻ ഇന്ത്യൻ അംബാസഡർ എച്ച്.ഇ. രഞ്ജൻ മാതായി മുഖ്യാതിഥിയും കീ-നോട്ട് പ്രഭാഷകനുമായി പങ്കെടുത്തു. “Fueling the Future: The Climate for the Future of Energy – Implications for the GCC and India” എന്ന വിഷയത്തിൽ അദ്ദേഹം നടത്തിയ പ്രഭാഷണം ആഗോള ഊർജ്ജ രംഗത്തെ മാറ്റങ്ങളും ഇന്ത്യ–ജിസിസി മേഖലകളിലെ സാധ്യതകളും വിശദീകരിച്ചു. തുടർന്ന് നടന്ന സംവാദ സെഷനിൽ ഊർജ പരിവർത്തനം, ഭൂരാഷ്ട്രീയം, ഭാവി തയ്യാറെടുപ്പ് തുടങ്ങിയ വിഷയങ്ങളിൽ സജീവമായ ചർച്ചകൾ നടന്നു.ഇന്ത്യൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനും ഐബിപിസി കോഓർഡിനേറ്റിങ് ഓഫീസറുമായ സന്ദീപ് കുമാർ ചടങ്ങിൽ ആശംസകൾ നേർന്നു. ഇന്ത്യൻ എൻജിനീയേഴ്സ് ക്ലബ് പോലുള്ള സംഘടിത സംരംഭങ്ങൾ ഇന്ത്യ–ഖത്തർ സഹകരണം ശക്തിപ്പെടുത്തുന്നതിൽ നിർണായകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഐബിപിസി പ്രസിഡന്റ് താഹ മുഹമ്മദ് അബ്ദുൽ കരീം അധ്യക്ഷ പ്രസംഗവും സമാപന സന്ദേശവും നൽകി. ഖത്തറിലെ ഇന്ത്യൻ എൻജിനീയർമാരെ ഏകോപിപ്പിക്കുന്ന ഒരു ശക്തമായ വേദിയായി ഇന്ത്യൻ എൻജിനീയേഴ്സ് ക്ലബ് വളരുമെന്ന് അദ്ദേഹം പറഞ്ഞു.പ്രൊഫഷണൽ പരിശീലനം, സാങ്കേതിക മികവ്, വർക്ക്‌ഷോപ്പുകൾ, കരിയർ പുരോഗതി, വ്യവസായ സഹകരണം, ഖത്തർ നാഷണൽ വിഷൻ 2030-നോടനുബന്ധിച്ച പദ്ധതികളിൽ പങ്കാളിത്തം എന്നിവയാണ് ഇന്ത്യൻ എൻജിനീയേഴ്സ് ക്ലബിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് ഐബിപിസി വ്യക്തമാക്കി.ഖത്തറിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി ഇന്ത്യൻ എൻജിനീയർമാരും അഭ്യുദയകാംക്ഷികളും ചടങ്ങിൽ സാന്നിധ്യംവഹിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img