03:32am 07 September 2026
NEWS
വിവാഹം കഴിഞ്ഞ് നാല് മാസത്തിനകം ഭാര്യയെ കൊലപ്പെടുത്തി; മൃതദേഹത്തിന്റെ ചിത്രം കാമുകിക്ക് അയച്ചു; യുഎസിൽ ഇന്ത്യൻ എഞ്ചിനീയർ അറസ്റ്റിൽ
09/07/2026  10:51 AM IST
nila
വിവാഹം കഴിഞ്ഞ് നാല് മാസത്തിനകം ഭാര്യയെ കൊലപ്പെടുത്തി; മൃതദേഹത്തിന്റെ ചിത്രം കാമുകിക്ക് അയച്ചു; യുഎസിൽ ഇന്ത്യൻ എഞ്ചിനീയർ അറസ്റ്റിൽ

വാഷിങ്ടൺ: വിവാഹം കഴിഞ്ഞ് നാല് മാസത്തിനകം ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നും തുടർന്ന് മൃതദേഹത്തിന്റെ ചിത്രം ഇന്ത്യയിലുള്ള കാമുകിക്ക് അയച്ചുകൊടുത്തെന്നും ആരോപിച്ച് തെലങ്കാന സ്വദേശിയായ ഇന്ത്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ അമേരിക്കയിൽ അറസ്റ്റിലായി. തെലങ്കാന സ്വദേശിയായ അവിനാഷ് നാർനെ (30)യ്‌ക്കെതിരെയാണ് ആസൂത്രിത കൊലപാതകക്കുറ്റം ചുമത്തിയിരിക്കുന്നത്. എന്നാൽ കുറ്റം ഇയാൾ കോടതിയിൽ നിഷേധിച്ചു.

കോടതി രേഖകൾ പ്രകാരം, ഭാര്യ രാജിത സബ്ബിനേനി (27) കൊല്ലപ്പെട്ടതിന് പിന്നാലെ അവിനാഷ് മൃതദേഹത്തിന്റെ ചിത്രം കാമുകിക്ക് അയച്ചതായും അതേദിവസം നാല് തവണ അവരുമായി ഫോണിൽ സംസാരിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. കൊലപാതകസമയത്ത് ഇന്ത്യയിലുള്ള മറ്റൊരു സ്ത്രീയുമായി അവിനാഷിന് രഹസ്യ പ്രണയബന്ധമുണ്ടായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

2025 ഒക്ടോബർ 27നാണ് സംഭവം നടന്നത്. ഭാര്യ ബാത്ത്റൂമിൽ കുടുങ്ങിക്കിടക്കുകയാണെന്നും പ്രതികരിക്കുന്നില്ലെന്നും അറിയിച്ച് അവിനാഷ് 911-ലേക്ക് വിളിച്ചതിനെ തുടർന്ന് ബെല്ലെവ്യൂ പൊലീസ് വുഡ്‌ലാൻഡ് കോമൺസ് അപ്പാർട്ട്‌മെന്റിലെത്തി. ബാത്ത്റൂമിൽ അബോധാവസ്ഥയിൽ കിടന്നിരുന്ന രാജിതയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സ്ഥിരീകരിച്ചു.

ഓഫീസിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് ഭാര്യയെ ആ നിലയിൽ കണ്ടതെന്നാണ് അവിനാഷ് ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ രാജിതയുടെ മരണം ശ്വാസംമുട്ടിച്ചതിനെ തുടർന്നാണെന്ന് കിംഗ് കൗണ്ടി മെഡിക്കൽ എക്സാമിനർ സ്ഥിരീകരിച്ചതോടെ കേസ് കൊലപാതകമായി മാറി.

അന്വേഷണത്തിൽ നിർണായകമായത് ഡിജിറ്റൽ തെളിവുകളായിരുന്നു. വാട്സ്ആപ്പ് സന്ദേശങ്ങൾ, ഇലക്ട്രോണിക് ഡോർ-ലോക്ക് രേഖകൾ, മൊബൈൽ ഫോൺ വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ സംഭവസമയത്ത് അവിനാഷ് ഒഴികെ മറ്റാരും അപ്പാർട്ട്‌മെന്റിൽ പ്രവേശിച്ചിട്ടില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിനിടെ ഭാര്യയുടെ മൃതദേഹത്തിന്റെ ഡിലീറ്റ് ചെയ്ത ചിത്രത്തെക്കുറിച്ച് അവിനാഷ് തന്നെ പരാമർശിച്ചതും അന്വേഷണത്തിന് നിർണായക തെളിവായതായി പ്രോസിക്യൂഷൻ വ്യക്തമാക്കി.

വാഷിങ്ടൺ സ്റ്റേറ്റിലെ കോടതിയിൽ നടന്ന വാദത്തിനിടെ ടെലിവിഷൻ ക്യാമറകളിൽ നിന്ന് മുഖം മറയ്ക്കണമെന്ന പ്രതിയുടെ ആവശ്യം ജഡ്ജി തള്ളി. പാസ്‌പോർട്ട് കണ്ടുകെട്ടാനും ഏകദേശം അഞ്ച് മില്യൺ ഡോളർ (41 കോടിയിലധികം രൂപ) ജാമ്യം നിലനിർത്താനും കോടതി ഉത്തരവിട്ടു. നിലവിൽ കിംഗ് കൗണ്ടി ജയിലിൽ വിചാരണ കാത്ത് കഴിയുകയാണ് അവിനാഷ്.

പ്രതി കുറ്റം നിഷേധിച്ചെങ്കിലും, ആസൂത്രിത കൊലപാതകമാണെന്ന പ്രോസിക്യൂഷന്റെ വാദത്തെ പിന്തുണയ്ക്കുന്ന പ്രാഥമിക തെളിവുകൾ ശക്തമാണെന്ന് കോടതി നിരീക്ഷിച്ചു. കേസിന്റെ തുടർ വിചാരണ പിന്നീട് നടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img