
ദോഹ: അൽഖോറിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കായി ഇന്ത്യൻ എംബസി പ്രത്യേക കോൺസുലർ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 20 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 11 മണി വരെ അൽഖോറിലെ ഗൾഫ് ഏഷ്യ കോൺട്രാക്ടിങ് (Gulf Asia Contracting) ഓഫീസിലാണ് ക്യാമ്പ് നടക്കുക.
എംബസിയുടെ അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്റ് ഫോറവുമായി (ICBF) സഹകരിച്ചാണ് ഈ ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. പാസ്‌പോർട്ട് സേവനങ്ങൾ, വിവിധ രേഖകളുടെ സാക്ഷ്യപ്പെടുത്തൽ (Attestation), പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) തുടങ്ങിയ കോൺസുലർ സേവനങ്ങൾ ക്യാമ്പിൽ വെച്ച് പ്രവാസികൾക്ക് ലഭ്യമാകും.
ദോഹയിലെ എംബസി ഓഫീസിൽ നേരിട്ടെത്താൻ പ്രയാസപ്പെടുന്ന അൽഖോർ മേഖലയിലെ തൊഴിലാളികൾക്കും കുടുംബങ്ങൾക്കും ഈ ക്യാമ്പ് വലിയ ആശ്വാസമാകും. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും 5500 2548, 6626 2477 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.











