
ഇന്ത്യൻ ഭരണഘടന കേവലം ഒരു ഭരണഘടനയല്ല, മറിച്ച് രാജ്യത്തിന് പ്രതീക്ഷ നൽകിയ വിപ്ലവകരമായ പ്രസ്താവനയാണെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് അഭിപ്രായപ്പെട്ടു. ഇറ്റലിയിലെ മിലാൻ കോർട്ട് ഓഫ് അപ്പീലിൽ ഇന്ത്യൻ ഭരണഘടനയുടെ 75 വർഷത്തെ പ്രാധാന്യം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ നേരിട്ടിരുന്ന ദാരിദ്ര്യം, അസമത്വം, സാമൂഹിക വിഭജനങ്ങൾ എന്നിവയെക്കുറിച്ച് ഭരണഘടനാനിർമ്മാതാക്കൾക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നെന്നും, സാമൂഹിക-സാമ്പത്തിക നീതി എന്ന ആശയം ഭരണഘടനയുടെ അടിസ്ഥാനത്തിൽ തന്നെ അവർ ഉൾച്ചേർത്തതിൽ അഭിമാനമുണ്ടെന്നും സി.ജെ.ഐ. ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ഭരണഘടന ഒരു ജീവിക്കുന്ന രേഖയാണെന്നും, പാർശ്വവൽക്കരിക്കപ്പെട്ടവരെ ശാക്തീകരിക്കാനും നിയമപരവും സാമൂഹികവും സാമ്പത്തികവുമായ എല്ലാ തലങ്ങളിലും നീതി ഉയർത്തിപ്പിടിക്കാനും ഇത് സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ഭരണഘടനാ യാത്രയ്ക്ക് ലഭിച്ച ഒരു സുപ്രധാന അന്താരാഷ്ട്ര അംഗീകാരമായി ഈ പരിപാടി മാറി.











