05:03pm 11 November 2026
NEWS
ഇന്ത്യൻ ഭരണഘടന പ്രത്യയശാസ്ത്രപരമായ ഭീഷണി നേരിടുന്നു ജസ്റ്റിസ് കെ എം ജോസഫ്
26/10/2025  12:36 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇന്ത്യൻ ഭരണഘടന പ്രത്യയശാസ്ത്രപരമായ ഭീഷണി നേരിടുന്നു ജസ്റ്റിസ് കെ എം ജോസഫ്

കൊച്ചി: ഭൂരിപക്ഷാധിഷ്ഠിതമായ സർക്കാർ ചെയ്യുന്ന ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അവസ്‌ഥയിലേക്ക് കോടതികൾ പോലും നീങ്ങുന്നത്  ഭരണഘടന നേരിടുന്ന കടുത്ത വെല്ലുവിളിയാണെന്ന് ജസ്റ്റിസ് കെ എം ജോസഫ്. ഭരണഘടന: സവിശേഷതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ എറണാകുളം ഡിസിസിയുടെ സബർമതി പഠന ഗവേഷണ കേന്ദ്രം  സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഭൂരിപക്ഷ നിയമനിർമാണങ്ങളും കോടതികളാൽ സ്പർശിക്കപ്പെടാതെ പോവുകയാണ്. കശ്മീർ വിഷയത്തിലും നോട്ടു നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തിലുമെല്ലാം ഇത് കണ്ടതാണ്. ഇതുവഴി ഭരണഘടനയുടെ അന്തസത്ത തന്നെ അസ്തമിച്ച സാഹചര്യമാണുണ്ടായത്. ചീഫ് ജസ്റ്റിസിനെ ഷൂസ് എറിഞ്ഞ സംഭവത്തെ പോലും ന്യായീകരിക്കുന്ന സ്‌ഥിതിയിലേക്ക് രാജ്യമെത്തി. ചീഫ്  ജസ്റ്റിസിന്റെ പരാമർശം സംവാദ വിഷയമാക്കേണ്ടതിനു  പകരം ഷൂസ് എറിയുന്നതാണ് ശരിയെന്ന് വരുത്തുന്നു. ഇന്ത്യൻ ഭരണഘടന അഭിമുഖീകരിക്കുന്നത് രാഷ്ട്രീയ, സാമൂഹ്യ  പ്രതിസന്ധിയാണ്. ഭരണഘടനയല്ല  പ്രധാനം, അതിനെ താങ്ങി നിർത്താൻ ആവശ്യമായ രാഷ്ട്രീയമാണ് പ്രധാനം. തത്വത്തിലുള്ള ഭരണഘടന സ്വയം നമ്മെ രക്ഷിക്കുകയോ സംരക്ഷിക്കുകയോ ഇല്ല. ഇന്ത്യൻ ഭരണഘടനാ പ്രത്യയശാസ്ത്രപരമായ ഭീഷണി നേരിടുന്നുവെന്ന വസ്തുത അംഗീകരിച്ചേ മതിയാകൂ. പ്രത്യയശാസ്ത്രം സൃഷ്‌ടിച്ച ആഘാതമാണ് ഭരണഘടന നേരിടുന്ന പ്രധാന വെല്ലുവിളി. കൃത്രിമമായി ഉണ്ടാക്കുന്ന ഭൂരിപക്ഷം ഭരണഘടനാ സ്‌ഥാപനങ്ങളെ നിയന്ത്രിക്കുന്ന സാഹചര്യംആഗോളതലത്തിൽ പലയിടത്തും ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പല ആധുനിക ജനാധിപത്യ രാജ്യങ്ങളിലും ഇത് സംഭവിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടികാട്ടി.സബർമതി പഠന ഗവേഷണ കേന്ദ്രം ചെയർമാൻ മുഹമ്മ്ദ് ഷിയാസ് അധ്യക്ഷനായിരുന്നു. അഡ്വ. കാളീശ്വരം രാജ്, ഡോ. എം സി ദിലീപ്കുമാർ, ഡോ. ടി എസ് ജോയ്, അഡ്വ.പി കെ സജീവൻ, ഷൈജു കേളന്തറ, എച്ച് വിൽഫ്രഡ് എന്നിവർ സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img