
ദോഹ:സേവനകാലാവധി പൂർത്തിയാക്കി റിയാദിലെ നയതന്ത്ര ചുമതലയിലേക്ക് പോകുന്ന ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുലിന് ഇന്ത്യൻ സമൂഹം പ്രൗഢഗംഭീരമായ യാത്രയയപ്പ് നൽകി. ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC), ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ICBF), ഇന്ത്യൻ സ്പോർട്സ് സെന്റർ (ISC), ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിൽ (IBPC) എന്നീ അപ്പക്സ് ബോഡികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ജൂലൈ 22 ബുധനാഴ്ച ഐ.സി.സി അശോകാ ഹാളിലായിരുന്നു ചടങ്ങ്.
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ സ്വാഗതവും അനുമോദന സന്ദേശവും നൽകി. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽറഹ്മാൻ, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ് എന്നിവരും അനുമോദന പ്രസംഗങ്ങൾ നടത്തി. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് നൽകിയ മാതൃകാപരമായ സേവനങ്ങളും വിലപ്പെട്ട സംഭാവനകളും മാനിച്ച് നാല് അപ്പക്സ് സംഘടനകളുടെയും പ്രതിനിധികൾ ചേർന്ന് അംബാസഡർ വിപുലിനെ ആദരിച്ചു. അപ്പക്സ് ബോഡികളുടെ അനുബന്ധ സംഘടനാ പ്രതിനിധികളും അദ്ദേഹത്തിന് നന്ദിയും ആദരവും അർപ്പിച്ചു.
ഖത്തറിലെ സേവനകാലയളവിൽ ഇന്ത്യൻ സമൂഹം നൽകിയ മികച്ച സഹകരണത്തിനും പിന്തുണയ്ക്കും അംബാസഡർ വിപുൽ മറുപടി പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തി. ഖത്തറിലെ അനുഭവങ്ങളും പ്രവാസി സമൂഹവുമായി ഉണ്ടായ ആത്മബന്ധവും അദ്ദേഹം പങ്കുവെച്ചു.
ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ് നന്ദി പറഞ്ഞു. ചടങ്ങിൽ വിവിധ സംഘടനാ ഭാരവാഹികൾ ചേർന്ന് അംബാസിഡർ വിപുലിനെ ആദരിച്ചു.
ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ, കൗൺസിലർ (ഹെഡ് ഓഫ് ചാൻസറി & കോൺസുലർ) ഡോ. വൈഭവ് എ. തണ്ടാലെ, നാല് അപ്പക്സ് സംഘടനകളുടെയും മാനേജിംഗ് കമ്മിറ്റി, അഡ്വൈസറി കമ്മിറ്റി അംഗങ്ങൾ, അനുബന്ധ സംഘടനാ ഭാരവാഹികൾ, സമൂഹത്തിലെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.











