10:01pm 09 November 2026
NEWS
കണ്ടെയ്‌നര്‍ കപ്പല്‍ മുങ്ങി ഉയര്‍ന്ന പരിസ്ഥിതി ഭീഷണി നേരിടാന്‍ ശക്തമായ പ്രവര്‍ത്തനങ്ങളെന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്
27/05/2025  10:31 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കണ്ടെയ്‌നര്‍ കപ്പല്‍ മുങ്ങി ഉയര്‍ന്ന പരിസ്ഥിതി ഭീഷണി നേരിടാന്‍ ശക്തമായ പ്രവര്‍ത്തനങ്ങളെന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

കൊച്ചി: ലൈബീരിയന്‍ പതാകയുള്ള കണ്ടെയ്‌നര്‍ കപ്പല്‍ എംവി എം എസ് സി എല്‍സ 3 കേരള തീരത്തു നിന്ന് ഏകദേശം 15 നോട്ടിക്കല്‍ മൈല്‍ തെക്കുപടിഞ്ഞാറ് ആലപ്പുഴയുടെ സമീപം മുങ്ങിയത് പരിസ്ഥിതി ഭീഷണികള്‍ ഉയര്‍ത്തിയിട്ടുണ്ടെന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. എണ്ണ ചോര്‍ച്ചയും മാലിന്യങ്ങളും ചരക്കുകളും തീരത്തേക്ക് ഒഴുകി വരാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

കപ്പല്‍ മുങ്ങിയതിന് ശേഷം 23 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നിരീക്ഷണ വിമാനങ്ങള്‍ അപകടസ്ഥലത്ത് എണ്ണക്കറ കണ്ടെത്തിയിരുന്നു. മലിനീകരണ പ്രതികരണ സജ്ജീകരണത്തിന്റെ ഭാഗമായി കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ 'സക്ഷം' ഉടന്‍ മലിനീകരണവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. കൂടാതെ കോസ്റ്റ് ഗാര്‍ഡിന്റെ ഡോര്‍നിയര്‍ വിമാനം ആകാശ നിരീക്ഷണത്തിനും എണ്ണ ചോര്‍ച്ച നിയന്ത്രണത്തിന് വേണ്ടിയുള്ള ഓയില്‍ സ്പില്‍ ഡിസ്‌പേഴ്‌സന്റ് വിതരണം നിര്‍വഹിക്കുകയും ചെയ്തു. 

എണ്ണക്കറ കിഴക്ക്- തെക്ക് കിഴക്കേ ദിശയിലേക്ക് മണിക്കൂറില്‍ ഏകദേശം 1.52 നോട്ടുകള്‍ വേഗത്തില്‍ ഒഴുകുന്നത് കണ്ടെത്തിയെങ്കിലും ശക്തമായ കാറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി സൃഷ്ടിച്ച സാഹചര്യമായിരുന്നു. എങ്കിലും അപകടകരമായ വെള്ളത്തിലൂടെയും ഒഴുകുന്ന കണ്ടെയ്‌നറുകള്‍ നിറഞ്ഞ പ്രദേശങ്ങളിലൂടെയും സുരക്ഷിതമായി വ്യാപാരി കപ്പലുകള്‍ കടത്താനും മികച്ച വൈദഗ്ധ്യത്തോടെയും പ്രതിബദ്ധതയോടെയും പ്രവര്‍ത്തനം തുടരുമാനും കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനം നിര്‍വഹിക്കുകയും ചെയ്തു. 

എണ്ണക്കറയുടെ വിസ്തൃതി വര്‍ധിക്കുകയും 100-ലധികം കണ്ടെയ്‌നറുകള്‍ സംഭവ സ്ഥലത്തിന് സമീപം ഒഴുകുകയും ചെയ്തതിനോടൊപ്പം ചില കണ്ടെയ്‌നറുകള്‍ തകര്‍ന്നു അവയ്ക്കുള്ളിലെ വസ്തുക്കള്‍ സമീപത്തെ ജലത്തില്‍ വ്യാപിക്കുകയും ചെയ്തിരുന്നു. നാവികര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുകയും നാവിഗേഷന്‍ ഭീഷണികളില്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തു. 

കോസ്റ്റ് ഗാര്‍ഡ് പലതവണ ആകാശ നിരീക്ഷണവും പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഓയില്‍ സ്പില്‍ ഡിസ്‌പേഴ്‌സന്റ് വിതരണവുമുപയോഗിച്ച് നിരീക്ഷണവും മലിനീകരണ നിയന്ത്രണവും ശക്തമാക്കിയിട്ടുണ്ട്. രണ്ട് ഐസിജി ഒഫ്‌ഷോര്‍ പട്രോള്‍ വസലുകള്‍ പ്രദേശത്ത് തുടര്‍ച്ചയായി നിരീക്ഷണത്തിനും പ്രതികരണത്തിനുമുണ്ട്. കൂടാതെ, വലിയ തോതില്‍ ഓയില്‍ സ്പില്‍ ഡിസ്‌പേഴ്‌സന്റുള്ള ഐസിജി കപ്പല്‍ സമുദ്ര പ്രഹാരി ഉള്‍പ്പെടെ കൂടുതല്‍ ഐസിജി ഒഫ്‌ഷോര്‍ പട്രോള്‍ വസലുകള്‍ മലിനീകരണ പ്രതികരണ സജ്ജീകരണത്തിനായി പ്രദേശത്തേക്ക് നിയോഗിച്ചിട്ടുണ്ട്.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗിന്റെ നേതൃത്വത്തില്‍ ഐസിജി, കപ്പല്‍ ഉടമകള്‍, മാനേജര്‍മാര്‍, കേരള സര്‍ക്കാര്‍ അധികൃതര്‍, എസ് ഡി എം എ തുടങ്ങിയ പ്രധാന പങ്കാളികളെ ഉള്‍പ്പെടുത്തി ഏകോപിത പ്രതികരണ തന്ത്രം രൂപീകരിക്കാന്‍ യോഗം ചേര്‍ന്നു. കപ്പല്‍ മാനേജര്‍മാരായ എം എസ് സി കമ്പനിയുടെ കണ്‌സല്‍ട്ടന്റുകളായ ടി ആന്റ് ടി സാല്‍വേജിനെ പുനഃസ്ഥാപനവും എണ്ണ നീക്കം, കണ്ടെയ്‌നര്‍ തിരികെ കൈവശപ്പെടുത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.

മര്‍ച്ചന്റ് ഷിപ്പിംഗ് ആക്ട് 1958 പ്രകാരമുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കൊച്ചി മേഴ്‌സന്റൈല്‍ മാരിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കപ്പല്‍ ഉടമയ്ക്ക് മലിനീകരണ ഉത്തരവാദിത്വം സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ ഒഴുകി നടക്കുന്ന ചരക്കുകള്‍ കൈകാര്യം ചെയ്യരുതെന്ന് കോസ്റ്റ് ഗാര്‍ഡ് സംസ്ഥാന ഭരണകൂടത്തോട് മുന്നറിയിപ്പ് നല്‍കുകയും തീരശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

പരിസ്ഥിതി സംരക്ഷണത്തിനും സമുദ്രസുരക്ഷയ്ക്കും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പ്രതിബദ്ധമാണെന്നും എല്ലാ പങ്കാളികളുമായി ചേര്‍ന്ന് ശക്തമായ പ്രതികരണം തുടരുമെന്നും പ്രസ്താവനയില്‍ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img