
അഭിനേതാവ്, സംവിധായകൻ, നിർമ്മാതാവ്, ഫിലിം സ്റ്റുഡിയോ സ്ഥാപകൻ എന്നിങ്ങനെ സിനിമയുടെ സുപ്രധാന സർഗ്ഗാത്മകരംഗങ്ങളിൽ അവിസ്മരണീയമായ മുദ്ര പതിപ്പിച്ച മധു എന്ന പി.മാധവൻ നായർക്ക് പ്രായം 92 കഴിഞ്ഞു. (ജനനം 1933 സെപ്തംബർ 23). മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് ഭാഷകളിലായി 400-ലധികം ചിത്രങ്ങളിൽ അഭിനയിച്ച ഈ കാരണവർ ഇപ്പോഴും തളരാത്ത ഊർജ്ജത്തിന് ഉടമയാണ്; പറ്റിയ വേഷം കിട്ടിയാൽ ഒരു കൈനോക്കാൻ തയ്യാർ.
ഇപ്പോൾ തമിഴ്‌നാട്ടിൽ ഉൾപ്പെട്ട കന്യാകുമാരി ജില്ലയിൽപ്പെട്ട തക്കലയിലെ പത്മനാഭപുരം സ്വദേശിയായ പിതാവ് ആർ. പരമേശ്വരൻപിള്ള തിരുവനന്തപുരം മേയറായിരുന്നു. മാതാവ് വീട്ടമ്മയായിരുന്ന തങ്കമ്മാപിള്ള. ഏക മകൻ. നാല് സഹോദരിമാർ. ഒന്നുമുതൽ നാലുവരെ തിരുവനന്തപുരത്തെ കുന്നുകുഴി എൽ.പി സ്‌ക്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എസ്.എം.വി സ്‌ക്കൂൾ, പേട്ട മിഡിൽ സ്‌ക്കൂൾ, സെന്റ് ജോസഫ്‌സ് ഹൈസ്‌ക്കൂൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം മഹാത്മാഗാന്ധി(എം.ജി) കോളേജിൽ നിന്ന് പ്രീ- യൂണിവേഴ്‌സിറ്റി പാസ്സായശേഷം, യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ഹിന്ദി ബിരുദം നേടി. തുടർന്ന് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി(ബി.എച്ച്.യു)യിൽ നിന്നു ഹിന്ദിയിൽ എം.എ. അതിനുശേഷം നാഗർകോവിലിലെ സ്‌കോട്ട് ക്രിസ്റ്റ്യൻ കോളേജിൽ ലക്ചററായി ജോലിക്ക് കയറി. ആ വേളയിലാണ് കർമ്മമണ്ഡലത്തെ മാറ്റിമറിച്ചുകൊണ്ട് ഒരു ദിനപ്പത്രത്തിൽ ഹ്രസ്വമായ ഒരു അറിയിപ്പ് കണ്ണിൽപ്പെട്ടത്. ഡൽഹി നാഷണൽ സ്‌ക്കൂൾ ഓഫ് ഡ്രാമ(എൻ.എസ്.ഡി)യിലെ രണ്ടുവർഷ അഭിനയകോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു ആ അറിയിപ്പ്.
മികച്ച വായനക്കാരന് പുറമെ അഭിനയവാസനയുമുണ്ടായിരുന്ന മാധവൻനായർ അപേക്ഷ അയച്ചു. ഇന്റർവ്യൂവിനും മറ്റ് പ്രായോഗിക പരീക്ഷകൾക്കും ശേഷം 1962 ൽ നാലോ അഞ്ചോ പഠിതാക്കളിൽ ഒരാളായി കേരളത്തിൽനിന്ന് മാധവൻനായരും തെരഞ്ഞെടുക്കപ്പെട്ടു. വിഖ്യാതമായ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് 1961 ൽ പ്രവർത്തനം തുടങ്ങിയിരുന്നെങ്കിലും, ശൈശവ ദിശയിലായിരുന്ന ആ സ്ഥാപനത്തിന് പേരും പെരുമയും സിദ്ധിച്ചിരുന്നില്ല. (അടൂർ ഗോപാലകൃഷ്ണനും ജോൺ എബ്രഹാമും 1962 ബാച്ച് ഡയറക്ഷൻ ആന്റ് സ്‌ക്രിപ്റ്റ്‌റൈറ്റ് വിദ്യാർത്ഥികളായിരുന്നു.) അല്ലായിരുന്നെങ്കിൽ താൻ പൂനെ ഫിലും ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് അഭിനയകലയോ ഫിലിം ഡയറക്ഷനോ പഠിച്ചേനെ എന്ന് ഒരഭിമുഖത്തിൽ മധു പറഞ്ഞതോർക്കുന്നു.
അഭിനയപഠനകാലത്തുതന്നെ രാമുകാര്യാട്ട് തുടങ്ങിയ പ്രഗത്ഭ സംവിധായകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്ന മധു, കോഴ്‌സിനുശേഷം നേരെ മദ്രാസ്സിലെത്തി. 'മൂടുപടം' എന്ന തന്റെ ചിത്രത്തിൽ കാര്യാട്ട് ഒരു വേഷം വാഗ്ദാനം ചെയ്തു. എന്നാൽ അതായിരുന്നില്ല മധുവിന്റെ ആദ്യചിത്രം. 1963 ൽ എൻ.എൻ. പിഷാരടി സംവിധാനം ചെയ്ത 'നിണമണിഞ്ഞ കാൽപ്പാടുകൾ' ആയിരുന്നു കന്നിച്ചിത്രം. മാതൃരാജ്യത്തിനുവേണ്ടി ശത്രുവിനോട് പൊരുതി ജീവൻ ത്യജിക്കുന്ന ധീര സൈനികന്റെ ആ വേഷം മുക്തകണ്ഠം പ്രശംസിക്കപ്പെട്ടു.
പാറപ്പുറത്തിന്റെ 'ആദ്യകിരണങ്ങൾ' എന്ന നോവലിന്റെ അതേ പേരിലെ ചലച്ചിത്രാവിഷ്‌ക്കാരത്തിലെ മേരിക്കുട്ടി(കെ.ആർ. വിജയ) എന്ന ഗ്രാമസേവികയെ നിശ്ശബ്ദമായി പ്രണയിക്കുന്ന ജോയിമോൻ എന്ന സമ്പന്ന കുടുംബാംഗമായ യുവാവിന്റെ വേഷം മലയാളസിനിമയിൽ മധുവിന് അടിത്തറ നൽകി. (1964-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ സംവിധായകൻ പി.ഭാസ്‌കരനായിരുന്നു).
'മൂടുപടം'ആയിരുന്നു രണ്ടാമത്തെ സിനിമ. തുടർന്ന് മധുവിന്റെ തേരോട്ടം ആരംഭിച്ചു. എല്ലാം സമർപ്പിച്ചു ഗാഢമായി പ്രണയിച്ച കാമുകിയെപ്പോലും ഔദ്യോഗികതലത്തിൽ ഉയരങ്ങൾ കയറാൻ ഏണിപ്പടികളായി ഉപയോഗിച്ചു സാധാരണ ഗുമസ്തനിൽ നിന്ന് ചീഫ് സെക്രട്ടറിവരെയെത്തിയ തകഴിയുടെ 'ഏണിപ്പടികളി'ലെ കേശവൻനായർ (1973-ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തതു പി.ഭാസ്‌കരനായിരുന്നു). 'ചെമ്മീനി'ലെ പരീക്കുട്ടി, അടൂർ ഗോപാലകൃഷ്ണന്റെ ക്ലാസിക് മൂവിയായ 'സ്വയംവര'ത്തിലെ വിശ്വം തുടങ്ങിയവ മധുവിനെ ഇന്ത്യൻ സിനിമയിലെ ഏറ്റവും സർഗ്ഗധനരായ അഭിനേതാക്കളിൽ ഒരാളാക്കി. മധുവിന്റെ ഈ ട്രാക്ക് റെക്കോർഡ് മലയാളത്തിൽ മറ്റാർക്കും അവകാശപ്പെടാനാവാത്ത കനകത്തൂവലാണ്.
1965 ൽ ഏറ്റവും മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിയ രാമുകാര്യാട്ടിന്റെ 'ചെമ്മീൻ' എന്ന സ്‌പെക്റ്റാക്കുലർ മൂവിയിലെ പരീക്കുട്ടിയുടെ വേഷമാണ് മധുവിനെ ദേശീയ പ്രശസ്തനാക്കിയതെങ്കിലും, ശ്രദ്ധേയമായ ഒട്ടനവധി നോവലുകളുടെയും മറ്റും ചലച്ചിത്രാവിഷ്‌ക്കാരങ്ങളിലൂടെ മധു മലയാളികൾക്കിടയിൽ വ്യത്യസ്ത അഭിനേതാവായി സ്ഥാനം ഉറപ്പിച്ചിരുന്നു.(1965 നുശേഷം ഏറ്റവും മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിയത് 1972 ൽ അടൂർ ഗോപാലകൃഷ്ണന്റെ 'സ്വയംവരം' ആയിരുന്നു. ഈ സിനിമയിലും മുഖ്യകഥാപാത്രമായി അഭിനയിച്ചത് മധുവായിരുന്നു)
അഭിനേതാവ് എന്നതിനുപുറമെ മധു മികച്ച സംവിധായകൻ കൂടിയാണ്. 'പ്രിയ' എന്ന കന്നിച്ചിത്രവും, വ്യത്യസ്ത പ്രമേയാവിഷ്‌ക്കാരം കൊണ്ട് 'സിന്ദൂരച്ചെപ്പും' വ്യാപകമായി അംഗീകരിക്കപ്പെട്ടു. 12 സിനിമകൾ മധു സംവിധാനം ചെയ്തിട്ടുണ്ട്. 15 ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. 1965 ൽ ഫാമിലി വെൽഫെയർ വിഭാഗത്തിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരം മധു സംവിധാനം ചെയ്ത 'മിനി'എന്ന സിനിമയ്ക്ക് ലഭിച്ചു. മികച്ച അഭിനേതാവിനുള്ള ആദ്യഫിലിം ഫെയർ അവാർഡ് 1972 ൽ 'സ്വയംവര'ത്തിലൂടെ നേടി. 2013 ൽ പരമോന്നത ദേശീയ ബഹുമതികളിൽ ഒന്നായ 'പത്മശ്രീ' ലഭിച്ചു. 2004 ൽ കേരള ഗവൺമെന്റിന്റെ ഏറ്റവും വലിയ ചലച്ചിത്ര ബഹുമതിയായ ജെ.സി. ദാനിയേൽ പുരസ്‌ക്കാരത്തിന് അർഹനായി. ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷന്റെ (ഇപ്റ്റ) കേരളഘടകം പ്രസിഡന്റാണ്.
അഭിനയകല ശാസ്ത്രീയമായി അഭ്യസിച്ച ആദ്യ മലയാളി നടനാണ് ഈ കാരണവർ. (ഡൽഹി സ്‌ക്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് നാടകകലയിൽ ബിരുദം നേടിയ മറ്റൊരു മലയാള നടൻ രാഘവനാണ്. 'ചെമ്പരത്തി' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച രാഘവൻ ഒട്ടേറെ സിനിമകളിൽ അഭിനയിക്കുകയും, ഒരു സിനിമ സംവിധാനം ചെയ്തുവെങ്കിലും, മധുവിനോട് പാദമുദ്ര സമർപ്പിക്കാനായില്ല).
ചലച്ചിത്രകലയുടെ മർമ്മമറിഞ്ഞ സംവിധായകൻ
സിനിമ എന്ന ആ മാധ്യമത്തിന്റെ സർഗ്ഗവ്യാകരണം നന്നായി അറിയാവുന്ന മികച്ച ചലച്ചിത്രകാരൻ കൂടിയാണ് മധു എന്നതിന് മികച്ച ദൃഷ്ടാന്തമാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങൾ. ആഖ്യാനത്തിലും സ്വഭാവത്തിലും അവ ഓരോന്നും വ്യത്യസ്തമാണ്. അദ്ദേഹം സംവിധാനം ചെയ്തു 1970-ൽ പുറത്തിറങ്ങിയ ആദ്യചിത്രമായ 'പ്രിയ'യിലെ ചില രംഗങ്ങൾ ഇതിനുദാഹരണമായി ഓർമ്മയിൽ തിളങ്ങുന്നു. (സി.രാധാകൃഷ്ണനായിരുന്നു തിരക്കഥയും സംഭാഷണവും) നായികാ കഥാപാത്രത്തിന്റെ അച്ഛൻ പാമ്പ് കടിച്ചുമരിക്കുന്നു. മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരികയാണ്. രാത്രിയിലാണ് രംഗം. ഇരുൾ വീണുകിടക്കുന്ന തിണ്ണയിലേക്ക് ശരീരം ചിലർ താങ്ങിപ്പിടിച്ചുകൊണ്ട് വന്നുകിടത്തുന്നു. ക്ലോസ് ഷോട്ടാണ്. ഇരുട്ടും നിഴലും ചെറുപ്രകാശവുമുള്ള ആ രംഗം വ്യത്യസ്തമായ സീൻ കോമ്പോസിഷൻകൊണ്ടു അത്യുജ്ജ്വലമാണ്. മറ്റൊരു രംഗം നായികാ കഥാപാത്രം ബലാൽസംഗത്തിന് വിധേയയാവുന്നതാണ്. ഡയറക്ടായിട്ടല്ല ആ രംഗം ചിത്രീകരിച്ചിരിക്കുന്നത്. കിടക്കയ്ക്ക് മുകളിൽ കറങ്ങുന്ന ഫാനിൽ കാണുന്ന പ്രതിബിംബത്തിലൂടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. അസാധാരണവും വ്യത്യസ്തവുമായ വൈകാരിക തീവ്രത ഇതിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.( ഈ ടെക്‌നിക്ക് പിന്നീട് കച്ചവട സിനിമകളിൽ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്.)
ജയലക്ഷ്മിയാണ് ഭാര്യ. ഏകമകൾ ഡോ. ഉമാ ജെ. നായർ.










