06:01pm 30 April 2026
NEWS
വീണ്ടും അതിർത്തി കടന്ന് ഭീകര ക്യാമ്പുകൾ തകർത്ത് ഇന്ത്യൻ സൈന്യം
27/01/2026  08:34 AM IST
nila
വീണ്ടും അതിർത്തി കടന്ന് ഭീകര ക്യാമ്പുകൾ തകർത്ത് ഇന്ത്യൻ സൈന്യം

ന്യൂഡൽഹി: 2025 ജൂലൈയിൽ മ്യാൻമർ അതിർത്തി മറികടന്ന് ഇന്ത്യൻ സൈന്യം ഭീകര ക്യാംപുകൾ തകർത്തെന്ന്  ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു. ജൂലൈ 11 മുതൽ 13 വരെ നീണ്ടുനിന്ന ഈ ദൗത്യത്തിൽ പാരാ (സ്പെഷൽ ഫോഴ്‌സ്) കമാൻഡോകളാണ് പങ്കെടുത്തത്. മ്യാൻമറിലെ ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 

ഓപ്പറേഷനിൽ നിർണായക പങ്ക് വഹിച്ച പാരാ (സ്പെഷൽ ഫോഴ്‌സ്) ലഫ്റ്റനന്റ് കേണൽ ഘടേജ് ആദിത്യ ശ്രീകുമാറിന് റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് ശൗര്യ ചക്ര ബഹുമതി നൽകിയിരുന്നു. ഈ ബഹുമതിയോടൊപ്പം നൽകിയ ഔദ്യോഗിക കുറിപ്പിലൂടെയാണ് ജൂലൈയിലെ സൈനിക നടപടിക്ക് ഇന്ത്യയുടെ അംഗീകാരം വ്യക്തമാകുന്നത്.

മ്യാൻമറിൽ പ്രവർത്തിക്കുന്ന യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം–ഇൻഡിപെൻഡന്റ് (ULFA-I) എന്ന വിമത സംഘടനയുടെ ക്യാംപുകളെയാണ് ലക്ഷ്യമിട്ടതെന്ന് സൂചനയുണ്ട്. കഴിഞ്ഞ ജൂലൈയിൽ തങ്ങളുടെ കേന്ദ്രങ്ങളിൽ ഡ്രോൺ ആക്രമണം ഉണ്ടായതായി ഈ സംഘം ആരോപിച്ചിരുന്നെങ്കിലും, അന്ന് ഇന്ത്യൻ സൈന്യം ഇതുസംബന്ധിച്ച് പ്രതികരിച്ചിരുന്നില്ല. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും ആക്രമണം നടന്നിട്ടില്ലെന്ന നിലപാടാണ് അപ്പോൾ സ്വീകരിച്ചത്.

ഓപ്പറേഷനിൽ ഒൻപത് ഭീകരർ കൊല്ലപ്പെട്ടതായി ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സംഘങ്ങളുടെ ക്യാംപുകളെ ലക്ഷ്യമിട്ട കൃത്യമായ സൈനിക നടപടി മാത്രമാണുണ്ടായതെന്ന വിശദീകരണമാണ് ശൗര്യ ചക്ര ബഹുമതിയോടൊപ്പം നൽകിയ കുറിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img